മമ്മൂട്ടിക്ക് നവാഗതരോട് പ്രിയം
മമ്മൂട്ടിക്ക് നവാഗതരോട് പ്രിയം
മെയ് 03, 2004
നവാഗത സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് മുന്‍നിര നടന്‍മാര്‍ വൈമുഖ്യം കാട്ടാറുണ്ട്. എന്നാല്‍ മമ്മൂട്ടി അതിന് അപവാദമാണ്. ഈ വര്‍ഷം മമ്മൂട്ടി അഭിനയിക്കാന്‍ ഡേറ്റ് നല്‍കിയിരിക്കുന്ന സംവിധായകരില്‍ മിക്കവരും നവാഗതരാണ്.
മിനി സ്ക്രീനില്‍ നിന്ന് സിനിമയിലെത്തുന്ന കെ. കെ. രാജീവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകനാവുന്നത്. ഈ വര്‍ഷം മമ്മൂട്ടി ഡേറ്റ് നല്‍കുന്ന മൂന്നാമത്തെ നവാഗത സംവിധായകനാണ് കെ. കെ. രാജീവ്.
ശിവന്‍ കുടുംബത്തിലെ സഞ്ജീവ്ശിവന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന അപരിചിതന്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി അഭിയിച്ചുവരികയാണ്. ലോഹിതദാസിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള ബ്ലെസ്സി ആദ്യമായി സ്വതന്ത്രസംവിധായകനാവുന്ന ചിത്രത്തിലും മമ്മൂട്ടിയാണ് നായകന്‍. ഇവര്‍ക്ക് പിന്നാലെയാണ് കെ. കെ. രാജീവിനും മമ്മൂട്ടി ഡേറ്റ് നല്‍കിയിരിക്കുന്നത്.
മമ്മൂട്ടിയുടെ വിഷുചിത്രമായി റിലീസ് ചെയ്ത വജ്രം ഒരുക്കിയ ഇരട്ടസംവിധായകര്‍ പ്രമോദ് പപ്പനും നവാഗതരാണ്. ഏറെ കാലത്തിന് ശേഷം മമ്മൂട്ടി ആക്ഷന്‍ ഹീറോയായി അഭിനയിക്കുന്ന ഈ ചിത്രം തരക്കേടില്ലാത്ത കളക്ഷനാണ് നേടിയെടുത്തത്.
ഇതിന് മുമ്പും മമ്മൂട്ടി നവാഗത സംവിധായകരെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ സംവിധായകനായ ലാല്‍ ജോസ് മമ്മൂട്ടി ചിത്രത്തിലൂടെയാണ് തുടക്കം കുറിച്ചത്. ഒരു മറവത്തൂര്‍കനവ് എന്ന ചിത്രം ഹിറ്റായതോടെ കന്നിച്ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനാവാന്‍ ലാല്‍ ജോസിന് കഴിഞ്ഞു.
ശ്രദ്ധേയമായ ഏതാനും ടിവി സീരിയലുകള്‍ ഒരുക്കിയതിന് ശേഷം സിനിമാരംഗത്തേക്ക് കടക്കുന്ന സംവിധായകനാണ് കെ. കെ. രാജീവ്. നടനും നിര്‍മാതാവുമായ പ്രേംപ്രകാശ് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് അദ്ദേഹത്തിന്റെ മക്കളായ സഞ്ജയും ബോബിയുമാണ്.
കഴിഞ്ഞ വര്‍ഷത്തെ മികച്ച സംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് സിബി മലയിലിന് നേടിക്കൊടുത്ത എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിന് തിരക്കഥ രചിച്ചത് സഞ്ജയും ബോബിയുമായിരുന്നു. ഈ ചിത്രവും നിര്‍മിച്ചത് പ്രേംപ്രകാശാണ്.


Click it and Unblock the Notifications