പുതുമ തേടുന്ന ദിലീപ്

By Staff

പുതുമ തേടുന്ന ദിലീപ്
മെയ് 05, 2004

കരിയറിലെ ഉന്നതങ്ങളിലാണ് ദിലീപ് എത്തിനില്‍ക്കുന്നത്. കോമഡി വേഷങ്ങളിലൂടെ എല്ലാതരം പ്രേക്ഷകര്‍ക്കും പ്രിയപ്പെട്ട താരമായി മാറിയ ദിലീപ് ഇപ്പോള്‍ തന്റെ അഭിനയജീവിതത്തിലെ ഏറ്റവും തിളക്കമാര്‍ന്ന ദിനങ്ങളിലാണ്.

വളര്‍ച്ചയുടെ പുതിയ ഉന്നതങ്ങള്‍ തേടാന്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിലാണ് ഇപ്പോള്‍ ഈ നടന് ശ്രദ്ധ. വ്യത്യസ്തവും അഭിനയസാധ്യതയുള്ളതുമായ വേഷങ്ങള്‍ പരീക്ഷിച്ച് കോമഡി കുപ്പായം മാത്രമേ തനിക്കിണങ്ങൂവെന്ന ധാരണ മാറ്റാനാണ് ഈ നടന്‍ ശ്രമിക്കുന്നത്. വളരെ ശ്രദ്ധാപൂര്‍വം കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലൂടെ തന്റെ ഇമേജ് അഴിച്ചുപണിയാനാണ് ദിലീപിന്റെ ശ്രമം.

ജോഷിയുടെ റണ്‍വെ എന്ന ചിത്രത്തില്‍ ഇതുവരെ കണ്ടതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ ഒരു ദിലീപ് കഥാപാത്രത്തെയാണ് പ്രേക്ഷകര്‍ കണ്ടത്. കരിയറിലെ ഗതിമാറ്റത്തിന് ദിലീപ് നടത്തിയ ബോധപൂര്‍വമായ ശ്രമമാണ് റണ്‍വെയില്‍ കണ്ടത്. ദിലീപ് ആദ്യമായി അവതരിപ്പിച്ച ആക്ഷന്‍ ഹീറോ വേഷം പ്രേക്ഷകര്‍ സ്വീകരിച്ചുകഴിഞ്ഞു. കോമഡി മാത്രമല്ല തനിക്കിണങ്ങുന്നതെന്ന് ഈ നടന്‍ തെളിയിക്കുകയും ചെയ്തു. വ്യത്യസ്തനാവാന്‍ ദിലീപ് നടത്തിയ ആദ്യത്തെ ശ്രമം വിജയിച്ചിരിക്കുന്നു.

ദിലീപിന്റെ പുതിയ ചിത്രങ്ങളിലെല്ലാം വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. സ്ഥിരം ശൈലിയിലുള്ള കഥാപാത്രങ്ങളെ ഉപേക്ഷിച്ച് വ്യത്യസ്തമായ വേഷങ്ങള്‍ ശ്രദ്ധിച്ച് തിരഞ്ഞെടുത്ത് അവതരിപ്പിക്കുന്നതിലാണ് ദിലീപിന് ഇപ്പോള്‍ താത്പര്യം. അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളിലെ വേഷങ്ങള്‍ മലയാളത്തില്‍ ഇപ്പോള്‍ ഏറ്റവും സെലക്ടീവും ബുദ്ധിപൂര്‍വവുമായി കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന നടനാണ് ദിലീപ് എന്ന് വ്യക്തമാക്കുന്നു.

ലോഹിതദാസ് സംവിധാനം ചെയ്യുന്ന ചക്കരപ്പൊട്ടന്‍ എന്ന ചിത്രത്തില്‍ ദിലീപ് ഊമയായാണ് അഭിനയിക്കുന്നത്. ദിലീപ് ഇതുവരെ ചെയ്തിട്ടില്ലാത്ത വേഷം. ലോഹിതദാസിന്റെ ജോക്കര്‍ ദിലീപിന് ഒരു ബ്രേക്കായിരുന്നെങ്കില്‍ ചക്കരപ്പൊട്ടനിലെ കഥാപാത്രം അഭിനയശേഷി തെളിയിക്കാനുള്ള മികച്ച അവസരമായാണ് ദിലീപ് കാണുന്നത്.

മീശ മാധവനു ശേഷം ലാല്‍ ജോസ് ദിലീപുമായി കൈകോര്‍ക്കുന്ന പുതിയ ചിത്രത്തിലെ നായകകഥാപാത്രവും വളരെ വ്യത്യസ്തമാണ്. അത്ഭുതവിളക്ക് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ സ്ത്രൈണസ്വഭാവമുള്ള ഒരു കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. അച്ഛനമ്മമാര്‍ പെണ്ണിനെ പോലെ വളര്‍ത്തിയ പുരുഷന്‍. പുരുഷനെങ്കിലും പുറത്ത് പ്രകടിപ്പിക്കുന്നത് സ്ത്രൈണസ്വഭാവം. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ദിലീപിന്റെ കോമഡി നമ്പരുകള്‍ക്കൊപ്പം കഥാപാത്രസൃഷ്ടിയില്‍ വ്യത്യസ്തത വരുത്തി ഒരു പരീക്ഷണത്തിന് ശ്രമിക്കുകയാണ് ദിലീപ് ഈ ചിത്രത്തില്‍.

ടി. വി. ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ ആദ്യമായി സമാന്തരസിനിമയില്‍ തന്റെ സാന്നിധ്യമറിയിക്കാന്‍ ഒരുങ്ങുകയാണ് ദിലീപ്. ഒരു അവാര്‍ഡ് മുന്നില്‍ കണ്ടായിരിക്കാമെങ്കില്‍ പോലും കച്ചവട സിനിമയിലെ പല നല്ല ഓഫറുകളും മാറ്റിവച്ചാണ് ദിലീപ് ചന്ദ്രന്റെ ചിത്രത്തിന് ഡേറ്റ് കൊടുത്തതെന്നത് ഈ നടന്റെ അഭിനയജീവിതത്തില്‍ പുതുമകള്‍ വരുത്താനുള്ള വെമ്പല്‍ വ്യക്തമാക്കുന്നു. ഇതുവരെ കാണാത്ത മറ്റൊരു ദിലീപ് കഥാപാത്രമായിരിക്കും ഈ ചിത്രത്തിലേത്.

ഇത്തരം വളരെ വ്യത്യസ്ത വേഷങ്ങള്‍ അവതരിപ്പിക്കുമ്പോഴും പ്രായക്കുറവുള്ള കഥാപാത്രമാവാനും ദീലിപിന് മടിയില്ല. റണ്‍വെയില്‍ അധോലോക രാജാവായി പ്രത്യക്ഷപ്പെട്ട ദിലീപ് സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായാണ് അഭിനയിക്കുന്നത്.

സല്ലാപത്തിലെ ആശാരിച്ചെക്കനില്‍ നിന്ന് ദിലീപ് ഭാഗ്യത്തിന്റെ കൈപിടിച്ച് താണ്ടിയ ദൂരം ഏറെയാണ്. സിനിമയിലെ വിജയങ്ങള്‍ക്ക് ഏറ്റവും പ്രധാനമായി വേണ്ടത് ഭാഗ്യമാണെന്ന് പറയാറുണ്ടല്ലോ. താന്‍ പാതി ഭാഗ്യം പാതി. പാതി ഭാഗ്യമാണ് ദിലീപിനെ ഇതുവരെ എത്തിച്ചതെങ്കില്‍ താന്‍ ചെയ്യേണ്ട പാതി കാര്യങ്ങളിലാണ് ഇപ്പോള്‍ ദിലീപിന്റെ ശ്രദ്ധ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X