അമ്മയുമായി ചര്‍ച്ചയില്ല: സിയാദ് കോക്കര്‍
അമ്മയുമായി ചര്‍ച്ചയില്ല: സിയാദ് കോക്കര്‍
മെയ് 05, 2004
കൊച്ചി: മെയ് 17ന് തൊഴില്‍മന്ത്രിയുടെ ഓഫീസില്‍ വച്ച് അമ്മയുമായി ഫിലിം ചേംബര്‍ ചര്‍ച്ച നടത്തുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് സിയാദ് കോക്കര്‍ അറിയിച്ചു.
ചര്‍ച്ച സംഘടിപ്പിക്കുന്നതിനായി തൊഴില്‍ മന്ത്രി ബാബു ദിവാകരന്‍ താനുമായി ബന്ധപ്പെട്ടിരുന്നെങ്കിലും വീണ്ടും ചര്‍ച്ച നടത്തുന്നതിനോട് താത്പര്യമില്ലെന്ന് ചേംബര്‍ വ്യക്തമാക്കിയിട്ടുണ്ട്.
മാര്‍ച്ച് അവസാനം മന്ത്രിമാരായ ജി. കാര്‍ത്തികേന്‍ മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചയില്‍ ചേംബറിന്റെ ആവശ്യങ്ങള്‍ വ്യക്തമാക്കിയതാണ്. ഈ ചര്‍ച്ച പരാജയപ്പെട്ട നിലയ്ക്ക് വീണ്ടും ചര്‍ച്ച നടത്താന്‍ ചേംബറിന് താത്പര്യമില്ല. മറ്റൊരു വേദിയില്‍ വച്ച് മറ്റൊരു വട്ടം ചര്‍ച്ച നടത്തുന്നത് ചലച്ചിത്രവും അനുബന്ധമേഖലയും കൈകാര്യം ചെയ്യുന്ന സാംസ്കാരികമന്ത്രി ജി. കാര്‍ത്തികേയനെ താഴ്ത്തിക്കെട്ടലായിരിക്കുമെന്നാണ് ചേംബര്‍ ഭാരവാഹികള്‍ക്ക് തോന്നുന്നത്. ഈ പ്രശ്നം തൊഴില്‍ വകുപ്പിന്റെ കീഴില്‍ വരുന്ന പ്രശ്നമല്ല.
ചര്‍ച്ചയ്ക്കായി ഫിലിം ചേംബറിന് ഔദ്യോഗിക ക്ഷണമൊന്നും ലഭിച്ചിട്ടില്ല. കൂടുതല്‍ പുതിയ കലാകാരന്‍മാര്‍ ചേംബറുമായി രമ്യതയിലെത്തി നിര്‍മാതാക്കളുമായി സഹകരിക്കുന്നത് തടയുന്നതിന് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നതായിരിക്കണം ഈ വാര്‍ത്ത.
അഭിനയിക്കുന്നതിന് അഡ്വാന്‍സ് കൈപ്പറ്റിയ താരങ്ങള്‍ മെയ് 10ന് മുമ്പ് നിര്‍മാതാക്കളുമായി സഹകരിച്ചില്ലെങ്കില്‍ നടപടിയുണ്ടാവും.
മുന്‍കൂര്‍ പ്രതിഫലം വാങ്ങിയ ചില താരങ്ങള്‍ നിര്‍മാതാക്കളുമായി സഹകരിക്കാതെ തീയതി നീട്ടിക്കൊണ്ടുപോവുകയാണ്. ചില നിര്‍മാതാക്കള്‍ ഇതുസംബന്ധിച്ച് ചേംബറിന് പരാതി നല്‍കിയിട്ടുണ്ട്. ഈ താരങ്ങള്‍ നിര്‍മാതാക്കളുമായി സഹകരിച്ചില്ലെങ്കില്‍ നിര്‍മാതാവിന് ഉണ്ടാവുന്ന എല്ലാ നഷ്ടങ്ങള്‍ക്കും ഉത്തരവാദിത്തം അവര്‍ക്കായിരിക്കും.
പതുക്കെയാണെങ്കിലും ചലച്ചിത്ര വ്യവസായരംഗം ഉണര്‍ന്നുവരികയാണ്. രണ്ടു ചിത്രങ്ങളുടെ ഷൂട്ടിംഗ് മെയില്‍ തുടങ്ങും. പൃഥ്വിരാജ് നായകനാവുന്ന വിനയന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് മെയ് 25നും ഫോര്‍ ദി പീപ്പിളിലെ നായകകരില്‍ ഒരാള്‍ അഭിനയിക്കുന്ന വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മെയ് 10നും തുടങ്ങും.


Click it and Unblock the Notifications