»   » താരങ്ങള്‍ക്കെതിരെ സിനിമാ പ്രവര്‍ത്തകര്‍

താരങ്ങള്‍ക്കെതിരെ സിനിമാ പ്രവര്‍ത്തകര്‍

Posted By:
Subscribe to Filmibeat Malayalam

താരങ്ങള്‍ക്കെതിരെ സിനിമാ പ്രവര്‍ത്തകര്‍
മെയ് 12, 2004

കൊച്ചി: സിനിമാപ്രതിസന്ധി രൂക്ഷമായി തുടരുന്നതിന് കാരണം കടുത്ത നിലപാട് സ്വീകരിക്കുന്ന സൂപ്പര്‍താരങ്ങളാണെന്ന് തിരക്കഥാകൃത്ത് മഹേഷ് മിത്രയും പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഷിബു കുറ്റിപ്പുറവും പറഞ്ഞു.

സൂപ്പര്‍താരങ്ങളുടെ പിടിവാശിയും മുഷ്കും മൂലം പട്ടിണിയിലാവുന്നത് സിനിമയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലൂടെ ജീവിതോപാധി കണ്ടെത്തുന്ന സാധാരണക്കാരായ ആളുകളാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

സിനിമാ സാങ്കേതികപ്രവര്‍ത്തകരുടെയും ക്യാമറക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഒരു സംഘടനയുമില്ല. അമ്മയും ചേംബറും തമ്മിലുള്ള തര്‍ക്കം മൂലം മിക്ക സാങ്കേതികപ്രവര്‍ത്തകര്‍ക്കും ജോലിയില്ലാത്ത സ്ഥിതിയാണ്.

സിനിമാവ്യവസായവുമായി ബന്ധപ്പെട്ട ജോലികളെ ആശ്രയിക്കുന്ന ഏഴായിരത്തോളം ആളുകളെ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള പോര് മൂലം ഇവര്‍ക്ക് ജോലിയില്ലാത്ത സ്ഥിതിയാണ്. എന്നാല്‍ സൂപ്പര്‍താരങ്ങളുടെ അതൃപ്തി ഭയന്ന് ഇവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ ആരും തയ്യാറാവുന്നില്ല.

ചില സൂപ്പര്‍താരങ്ങളുടെ കടുത്ത നിലപാട് മൂലമാണ് പ്രതിസന്ധി പരിഹരിക്കപ്പെടാത്തത്. സിനിമക്ക് പണമിറക്കുന്നവരോടും തങ്ങളെ താരങ്ങളാക്കിയവരോടും യുദ്ധം പ്രഖ്യാപിച്ച താരങ്ങള്‍ സിനിമാവ്യവസായത്തെ സ്തംഭവനാവസ്ഥയിലെത്തിച്ചിരിക്കുകയാണ്.

പരസ്യങ്ങളിലൂടെയും ജ്വല്ലറി ഷോറൂം ഉദ്ഘാടനങ്ങളിലൂടെയും താരങ്ങള്‍ക്ക് പണമുണ്ടാക്കാം. എന്നാല്‍ സിനിമാരംഗത്തെ താഴേക്കിടയിലുള്ളവര്‍ എന്തുചെയ്യും?- ഷിബു ചോദിച്ചു.

പല സാങ്കേതിക പ്രവര്‍ത്തകരും പ്രൊഡക്ഷന്‍ ബോയിമാരും വാടക കൊടുക്കാനില്ലാത്തതു മൂലം വീടൊഴിയേണ്ടിവന്നു. സാങ്കേതികപ്രവര്‍ത്തകരുടെ ശ്രമം കൊണ്ടാണ് സിനിമാവ്യവസായം മുന്നോട്ടുപോവുന്നത്.

ഈ സ്ഥിതി തുടര്‍ന്നാല്‍ മലയാള സിനിമാ വ്യവസായം ഇല്ലാതാവുമെന്ന ഘട്ടത്തിലെത്തുമെന്ന് ഇരുവരും ചൂണ്ടിക്കാട്ടി.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X