»   » സിദ്ദിക്കിന് വീണ്ടും നായകവേഷം

സിദ്ദിക്കിന് വീണ്ടും നായകവേഷം

Posted By:
Subscribe to Filmibeat Malayalam

സിദ്ദിക്കിന് വീണ്ടും നായകവേഷം
മെയ് 12, 2004

ഉപനായകവേഷങ്ങളില്‍ നിന്ന് പതുക്കെ നായകനായി വളര്‍ന്ന നടനാണ് സിദ്ദിക്ക്. എന്നാല്‍ ഇടക്കാലത്ത് സിദ്ദിക്കിന് നായകവേഷങ്ങള്‍ നഷ്ടമായി. സിനിമയില്‍ സിദ്ദിക്ക് തന്റെതായൊരു സ്ഥാനം പിന്നീട് ഉറപ്പിച്ചത് ശ്രദ്ധേയമായ ചെറിയ വേഷങ്ങളിലൂടെയാണ്.

ഒരു ഇടവേളക്ക് ശേഷം സിദ്ദിക്ക് നായകവേഷത്തിലേക്ക് ഒരു തിരിച്ചുപോക്ക് നടത്തുന്നു. വില്ലനായും മറ്റ് ചെറിയ വേഷങ്ങളിലും മാത്രം ഈയിടെയായി അഭിനയിക്കുന്ന സിദ്ദിക്കിന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് നായകകഥാപാത്രം ലഭിക്കുന്നത്.

പി. രാജശേഖരന്‍ സംവിധാനം ചെയ്യുന്ന ഉണ്ണിത്തമ്പുരാന്‍ എന്ന ചിത്രത്തിലാണ് സിദ്ദിക്ക് നായകവേഷം ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം നായകനാവുന്ന സിദ്ദിക്കിന് ടൈറ്റില്‍ വേഷമാണ് ചിത്രത്തില്‍ എന്ന പ്രത്യേകത കൂടിയുണ്ട്. മൂന്ന് ദശകങ്ങള്‍ക്ക് മുമ്പ് നടന്ന കഥ പറയുന്ന ഈ ചിത്രത്തില്‍ വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് സിദ്ദിക്ക് അവതരിപ്പിക്കുന്നത്.

അടിയാന്‍മാരുടെ അവകാശങ്ങള്‍ക്കു വേണ്ടി പൊരുതുന്ന ഗോവിന്ദന്‍കുട്ടി എന്ന ഉണ്ണിത്തമ്പുരാനാണ് ചിത്രത്തിലെ സിദ്ദിക്കിന്റെ കഥാപാത്രം. കുടികിടപ്പ് സ്ഥലത്തു നിന്ന് ഒരു തേങ്ങയിടാന്‍ പോലും അവകാശമില്ലാതിരുന്ന അടിയാന്‍മാര്‍ക്ക് വേണ്ടി ചുവന്നകൊടിയുയര്‍ത്തി പ്രക്ഷോഭം നടത്തുന്ന കമ്യൂണിസ്റുകാരനാണ് ഗോവിന്ദന്‍കുട്ടി.

അടിയാന്‍മാര്‍ക്ക് തേങ്ങിയിടാന്‍ സൗകര്യമുണ്ടാക്കിക്കൊടുത്ത ഗോവിന്ദന്‍കുട്ടിയെ തമ്പുരാന്‍മാരുടെ കൂലിപ്പട തല്ലി. അതോടെ അടിയാന്‍മാര്‍ തമ്പുരാക്കന്‍മാരുടെ കീഴില്‍ പണിയെടുക്കാതെയായി. അവര്‍ സമരം തുടങ്ങി. അതോടെ നാട് തന്നെ സ്തംഭിച്ചു. ഒരു സാമൂഹിക മുന്നേറ്റത്തിന്റെ കഥയാണ് പി. രാജശേഖരന്‍ ഉണ്ണിത്തമ്പുരാനില്‍ പറയുന്നത്.

സിദ്ദിക്കിനെ കൂടാതെ ജഗദീഷ്, രാജന്‍ പി. ദേവ്, കൊച്ചുപ്രേമന്‍, സ്ഫടികം ജോര്‍ജ്, ജി. കെ. പിള്ള, പല്ലവി, ബിന്ദു പണിക്കര്‍, ശാന്തകുമാരി, കോട്ടയം ശാന്ത, ശ്രീദേവി തമ്പുരാട്ടി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

അമ്പലപ്പുഴ സനല്‍കുമാറിന്റേതാണ് രചന. ഛായാഗ്രഹണം മണിപ്രസാദ്. ഭാവഗീത സിനി ആര്‍ട്സാണ് ചിത്രം നിര്‍മിക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X