ഛായാസിംഗ് വീണ്ടും മിന്നുവായെത്തുന്നു
ഛായാസിംഗ് വീണ്ടും മിന്നുവായെത്തുന്നു
മെയ് 12, 2005
തമിഴിലെ ഛായാസിംഗ് മലയാളത്തിലെ മിന്നുവാണ്. മുല്ലവള്ളിയും തേന്മാവും എന്ന ചിത്രത്തില്‍ നായികയായി പ്രത്യക്ഷപ്പെട്ട മിന്നു എന്ന സുന്ദരി. മിന്നു ഒരിക്കല്‍ക്കൂടി മലയാളത്തിലെത്തുന്നു.
മുല്ലവള്ളിയും തേന്മാവും സംവിധാനം ചെയ്ത വി. കെ. പ്രകാശാണ് മിന്നുവിന് വീണ്ടും മലയാളത്തില്‍ അവസരം നല്‍കുന്നത്. ആ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായിയയായാണ് മിന്നു അഭിനയിച്ചത്. ചിത്രം വിജയമായില്ലെങ്കിലും മിന്നുവിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു.
വി. കെ. പ്രകാശിന്റെ പുതിയ ചിത്രമായ ദി പൊലീസിലാണ് മിന്നു അഭിനയിക്കുന്നത്. പൃഥ്വിരാജും ഇന്ദ്രജിത്തും പൊലീസ് ഓഫീസര്‍മാരായി പ്രത്യക്ഷപ്പെടുന്ന ഈ ആക്ഷന്‍ ചിത്രത്തിലെ നായികമാരിലൊരാളാണ് മിന്നു. ഭാവനയാണ് മറ്റൊരു നായിക.
സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം തിരുടാ തിരുടിയില്‍ ധനുഷിന്റെ നായികയായാണ് ഛായാസിംഗ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രം വന്‍വിജയമായെങ്കിലും പിന്നീട് തമിഴില്‍ നായികയായുള്ള തിളക്കം തുടരാന്‍ ഛായാസിംഗിന് കഴിഞ്ഞില്ല. തിരുടാ തിരുടിയിലെ മന്മദരാസാ... ഗാനത്തിലൂടെ പ്രശസ്തയായ ഛായാസിംഗിന് പിന്നീട് ഐറ്റം നമ്പറുകളില്‍ ഒതുങ്ങേണ്ടിവന്നു. തമിഴില്‍ പ്രതീക്ഷകള്‍ നഷ്ടപ്പെട്ടതോടെ ഛായ വീണ്ടും മിന്നുവായി മലയാളത്തില്‍ ഭാഗ്യം തേടാനെത്തുകയാണ്.


Click it and Unblock the Notifications