അന്‍വര്‍ ഇനി മോഹന്‍ലാലിനൊപ്പം
അന്‍വര്‍ ഇനി മോഹന്‍ലാലിനൊപ്പം
മെയ് 12, 2006
ആദ്യചിത്രത്തിന് കിട്ടിയ വിജയത്തിന്റെ വലിപ്പത്തില്‍ അന്‍വര്‍ റഷീദിനെ മറികടക്കാന്‍ ആരുമില്ല. രാജമാണിക്യം എന്ന മെഗാഹിറ്റ് കളക്ഷന്‍ റെക്കോഡ് തീര്‍ത്തപ്പോള്‍ ഒരു നവാഗത സംവിധായകന്റെ തുടക്കം സ്വപ്നതുല്യമായ വിജയഘോഷമായി മാറുകയായിരുന്നു. മലയാളത്തില്‍ മറ്റൊരു നവാഗത സംവിധായകനും ഇത്ര വലിയൊരു വിജയം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല.
മമ്മൂട്ടി എന്ന സൂപ്പര്‍താരത്തിന്റെ മാനറിസങ്ങള്‍ പ്രേക്ഷകരെ രസിപ്പിക്കും വിധം എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് മനസിലാക്കാന്‍ അന്‍വര്‍ റഷീദിന് കഴിഞ്ഞതാണ് രാജമാണിക്യത്തിന്റെ റെക്കോഡ് വിജയത്തിനു പിന്നില്‍. അന്‍വര്‍ അടുത്ത ഊഴം മോഹന്‍ലാലിനൊപ്പമാണ്. മറ്റൊരു മെഗാതാര ചിത്രത്തിലൂടെ മറ്റൊരു മെഗാഹിറ്റ്- അതാണ് ഇനി അന്‍വറിന്റെ ലക്ഷ്യം.
നേരത്തെ രാജമാണിക്യം ശരത്കുമാറിനെ നായകനാക്കി തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ അന്‍വറിന് പദ്ധതിയുണ്ടായിരുന്നു. തൊമ്മനും മക്കളും എന്ന മമ്മൂട്ടി ചിത്രത്തിന്റെ റീമേക്കായ മജ വിക്രത്തിന്റെ സൂപ്പര്‍താര പരിവേഷമുണ്ടായിട്ടും പരാജയപ്പെട്ടത് മലയാളത്തില്‍ നിന്നുള്ള റീമേക്കുകളോട് വിമുഖത സൃഷ്ടിച്ചിട്ടുണ്ട്. അതിനാല്‍ റീമേക്ക് പ്രൊജക്ട് ഉപേക്ഷിക്കേണ്ടിവന്നതോടെയാണ് അന്‍വര്‍ മോഹന്‍ലാല്‍ ചിത്രത്തിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്.
മണിയന്‍പിള്ള രാജുവായിരിക്കും അന്‍വര്‍-മോഹന്‍ലാല്‍ ചിത്രം നിര്‍മിക്കുന്നത്. നീണ്ട ഇടവേളക്കു ശേഷം അനന്തഭദ്രത്തിലൂടെയാണ് മണിയന്‍പിള്ള രാജു നിര്‍മാണ രംഗത്തേക്ക് തിരികെവന്നത്. കീര്‍ത്തിചക്രയും മഹാസമുദ്രവും പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കും മോഹന്‍ലാല്‍ അന്‍വറിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്.


Click it and Unblock the Notifications