രാജന്‍ പി. ദേവ് വീണ്ടും സംവിധായകന്‍, നായിക ഇന്ദ്രജ
രാജന്‍ പി. ദേവ് വീണ്ടും സംവിധായകന്‍, നായിക ഇന്ദ്രജ
മെയ് 16, 2001
അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍ എന്ന ചിത്രത്തിനുശേഷം രാജന്‍ പി. ദേവ് വീണ്ടും സംവിധായക മേലങ്കിയണിയുന്നു. ഗായത്രി സിനിവിഷനുവേണ്ടി ശിവപ്രസാദും ഷാജിയും നിര്‍മ്മിക്കുന്ന അച്ഛന്റെ കൊച്ചുമോള്‍ക്ക് എന്ന ചിത്രത്തിലൂടെയാണ് രാജന്‍ പി. ദേവ് വീണ്ടും സംവിധായകനാകുന്നത്.
ഫലത്തില്‍ അനാഥരായ രണ്ട് യുവതീയുവാക്കളുടെ കഥയാണ് അച്ഛന്റെ കൊച്ചുമോള്‍ക്ക്. ഫാദര്‍ ഗബ്രിയേല്‍ പനച്ചിക്കാടന്‍ എടുത്തു വളര്‍ത്തിയ ഡെയ്സിയും ഫാദര്‍ സ്വന്തം മകനെപ്പോലെ വളര്‍ത്തിയിരുന്ന പ്രിന്‍സും നൃത്തകലയിലൂടെ ഒന്നിക്കുന്നു. ഈ ബന്ധം ഡെയ്സിയും പ്രിന്‍സിന്റെയും ഫാദറിന്റെതന്നെയും ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഫാദറിനെ രാജന്‍ പി. ദേവും പ്രിന്‍സിനെ ഹരിനായരും ഡെയ്സിയെ ഇന്ദ്രജയും അവതരിപ്പിക്കുന്നു. വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, മധുപാല്‍, ടി.കെ. ജോണ്‍, കൊച്ചിന്‍ ആന്റണി, സാജു കൊടിയന്‍, ചിന്നമുരളി, മഹിമ, മറിയ, ലീലാ ഗോപിനാഥ്, ചാരുലത തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
മുതുകുളം സോമനാഥ് തിരക്കഥ എഴുതുന്ന ഈ ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്ന ഗിരീഷ് പുത്തഞ്ചേരിയാണ്. സംഗീതം രവീന്ദ്രന്‍. ഛായാഗ്രഹണം പുഷ്പന്‍. ചെല്ലം ഫിലിംസാണ് അച്ഛന്റെ കൊച്ചുമോള്‍ക്ക് പ്രദര്‍ശനത്തിനെത്തിക്കുന്നത്.


Click it and Unblock the Notifications