twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ എതിരാളി മമ്മൂട്ടി

    By Staff
    |

    മമ്മൂട്ടിയുടെ എതിരാളി മമ്മൂട്ടി
    മെയ് 17, 2005

    കരിയറിലെ ഏറ്റവും മികച്ച സമയമാണ് മമ്മൂട്ടിക്ക് ഇപ്പോള്‍. ഒന്നിന് പിറകെ ഒന്നായി വിജയങ്ങള്‍ തീര്‍ക്കുന്ന മമ്മൂട്ടിയാണ് ഇപ്പോള്‍ മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നടന്‍. സേതുരാമയ്യര്‍ സിബിഐയില്‍ തുടങ്ങിയ വിജയക്കുതിപ്പ് തൊമ്മനും മക്കളിലുമെത്തി നില്‍ക്കുകയാണ്.

    ഇതിനകം മാധ്യമങ്ങളിലൂടെ മികച്ച എന്റര്‍ടെയ്നറാവുമെന്ന് കൊട്ടിഘോഷിക്കപ്പെട്ട തസ്കരവീരനിലൂടെ ഈ കുതിപ്പ് തുടരാന്‍ ശ്രമിക്കുമ്പോള്‍ ചില തടസങ്ങള്‍..ആരാണ് ഇങ്ങനെ മമ്മൂട്ടിക്ക് തടസം തീര്‍ക്കുന്നത്? മറ്റാരുമല്ല, മമ്മൂട്ടി തന്നെ!

    മറ്റ് സൂപ്പര്‍താരങ്ങളുടെ പ്രമുഖ പ്രൊജക്ടുകളുമായി മത്സരം വരുമ്പോഴാണ് സാധാരണ തന്റെ ചിത്രത്തിന്റെ വിജയത്തെ കുറിച്ച് ഒരു താരത്തിന് ആശങ്കകളുണ്ടാവുക. എന്നാല്‍ എന്നാലിപ്പോള്‍ മമ്മൂട്ടിക്ക് വെല്ലുവിളിയാകുന്നത് മറ്റൊരു സൂപ്പര്‍താരത്തിന്റെ ചിത്രമല്ല. താരമൂല്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന മമ്മൂട്ടിക്ക് തടസം തീര്‍ക്കണമെങ്കില്‍ അതിന് മമ്മൂട്ടി തന്നെ വേണമെന്ന നിലയിലായിരിക്കുന്നു സ്ഥിതി.

    തസ്കരവീരന്‍ എന്ന ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് മെയ് ആറാണെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഇത് 13ലേക്ക് മാറ്റി. എന്നാല്‍ 13നും ചിത്രം പുറത്തിറങ്ങിയില്ല. ഒരാഴ്ചത്തേക്ക് കൂടി റിലീസിംഗ് നീട്ടിവച്ചിരിക്കുകയാണ്.

    നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചുവരുന്ന തൊമ്മനും മക്കളും എന്ന മമ്മൂട്ടി ചിത്രത്തിന്റെ കളക്ഷനെ തസ്കരവീരന്റെ റിലീസിംഗ് ബാധിക്കുമെന്ന് ഭയന്നിട്ടാണത്രെ ഒരാഴ്ചത്തേക്ക് ആ ചിത്രത്തിന്റെ റിലീസിംഗ് നീട്ടിവച്ചത്. തൊമ്മന്റെ നിര്‍മാതാവ് ലാല്‍ തസ്കരവീരന്റെ നിര്‍മാതാവ് വിന്ധ്യനോട് റിലീസിംഗ് നീട്ടിവയ്ക്കണമെന്ന് അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനമുണ്ടായത്.

    മമ്മൂട്ടി ചിത്രം മറ്റൊരു മമ്മൂട്ടി ചിത്രത്തിന് വെല്ലുവിളിയാകുന്ന ഈ കാഴ്ച അപൂര്‍വം തന്നെ. ഈ സ്ഥിതിയില്‍ പോയാല്‍ മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മാതാക്കള്‍ തമ്മില്‍ സ്പര്‍ധയാവുമല്ലോ എന്നാണ് സിനിമാലോകത്തിലെ സംസാരം. കാരണം അത്ര ഇഷ്ടത്തോടെയല്ല തസ്കരവീരന്റെ നിര്‍മാതാവ് വിന്ധ്യന്‍ ലാലിന്റെ അഭ്യര്‍ഥന പ്രകാരം റിലീസിംഗ് മാറ്റിവച്ചത്. മഴക്കാലം അടുക്കുമ്പോള്‍ റിലീസിംഗ് നീട്ടിവയ്ക്കുന്നത് ഗുണം ചെയ്യില്ലെന്ന ആശങ്ക വിന്ധ്യനുണ്ട്. മമ്മൂട്ടി കൂടി ഇടപെട്ടതോടെ ചിത്രത്തിന്റെ റിലീസിംഗ് മാറ്റിവയ്ക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു വിന്ധ്യന്‍.

    വിന്ധ്യന്റെ ഈ സ്ഥിതി കണ്ടിട്ടാവണം അടുത്ത മമ്മൂട്ടി ചിത്രത്തിന്റെ റിലീസിംഗ് തീയതി നിര്‍മാതാവ് ഇപ്പോഴേ പ്രഖ്യാപിച്ചുകഴിഞ്ഞു. തന്നോട് ആരും റിലീസിംഗ് മാറ്റിവയ്ക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുന്നതു പോലെ ചിത്രീകരണം പൂര്‍ത്തിയാക്കുന്നതിനു മുമ്പുതന്നെ മമ്മൂട്ടി ചിത്രം രാപ്പകലിന്റെ റിലീസിംഗ് തീയതി ജൂലൈ ഏഴ് ആണെന്ന് ചിത്രത്തിന്റെ നിര്‍മാതാവായ സ്വര്‍ഗചിത്ര അപ്പച്ചന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.

    മെയ് 20ന് റിലീസ് ചെയ്യുന്ന തസ്കരവീരന് പുതിയ മമ്മൂട്ടി ചിത്രത്തിന്റെ വെല്ലുവിളി ഇല്ലാതെ പ്രദര്‍ശനം നടത്താന്‍ കഴിയുക വെറും 48 ദിവസം മാത്രമാണെന്ന് ചുരുക്കം! നിര്‍മാതാക്കള്‍ തമ്മില്‍ സ്പര്‍ധയായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. തസ്കരവീരന്റെ റിലീസിംഗ് മാറ്റിവച്ചതു പോലെ രാപ്പകലിന്റെ റിലീസിംഗ് മാറ്റിവച്ചില്ലെങ്കില്‍ നിര്‍മാതാക്കള്‍ ശത്രുക്കളായി മാറുന്ന കാഴ്ചയായിരിക്കും കാണേണ്ടിവരിക.

    എതിരാളികളുടെ ചിത്രങ്ങള്‍ പരാജയപ്പെടുന്നതിന് ആളുകളെ വച്ച് കൂവിക്കുകയും മറ്റും ചെയ്യുക സിനിമക്കാരുടെ പതിവായിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഒരു മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മാതാവ് മറ്റൊരു മമ്മൂട്ടി ചിത്രം പരാജയപ്പെടുന്നതിന് ഇത്തരം വേലകള്‍ കാണിച്ചാലും ഇനി അത്ഭുതപ്പെടാനില്ല.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X