രക്തത്തിനായി കേഴുന്ന ഡ്രാക്കുള
രക്തത്തിനായി കേഴുന്ന ഡ്രാക്കുള
മെയ് 18, 2002
ആളുകളുടെ രക്തം ഊറ്റിക്കുടിക്കുന്ന ക്രൂരനായ ഡ്രാക്കുളയെ ഹോളിവുഡ് തൊട്ട് മലയാളം ടിവി സീരിയലില്‍ വരെ കണ്ടിട്ടുണ്ട്. എന്നാല്‍ ഒരിറ്റു രക്തത്തിനായി കേണുനടക്കുന്ന പാവം ഡ്രാക്കുളയെ ലോക സിനിമയിലെവിടെയെങ്കിലും കണ്ടിട്ടുണ്ടോ? അത്തരമൊരു ഡ്രാക്കുള മലയാളത്തില്‍ പിറവിയെടുക്കുന്നു.
അനീഷ് പണിക്കര്‍ സംവിധാനം ചെയ്യുന്ന ഈ തന്ത്രം മന്ത്രമായ് എന്ന ചിത്രത്തിലാണ് രക്തദാഹിയെങ്കിലും പാവമായ ഡ്രാക്കുളയെ അവതരിപ്പിക്കുന്നത്. രക്തത്തിനായി കേണ് നടക്കുകയാണ് ഈ ചിത്രത്തിലെ ഡ്രാക്കുള.
പണ്ട് ബ്രിട്ടീഷുകാര്‍ ശല്യം സഹിക്കാനാവാതെ വന്നപ്പോള്‍ കേരളത്തിലെ പാലച്ചുവട് ഗ്രാമത്തില്‍ അടക്കം ചെയ്ത ഡ്രാക്കുള അനാഥനും പഞ്ചപാവവുമായ ഡേവിഡിന്റെ ശരീരത്തില്‍ കയറുന്നതോടെ ഡ്രാക്കുള ഡേവിഡിനെ പോലെ ഒരു പഞ്ചപാവമായി. രക്തം കുടിക്കാതെ ജീവിക്കാനാവാത്ത ഡ്രാക്കുള അതിനായി കേണ് നടക്കാന്‍ തുടങ്ങി. സുഹൃത്ത് ചിത്രാംഗദനോടൊപ്പം എങ്ങനെയെങ്കിലും രക്തം സംഘടിപ്പിച്ച് കുടിച്ച് ദാഹമകറ്റുകയായി ഡേവിഡ് എന്ന ഡ്രാക്കുള.
സാജു കൊടിയനാണ് ചിത്രത്തില്‍ ഡ്രാക്കുള ആവേശിച്ച ഡേവിഡായി അഭിനയിക്കുന്നത്. സാജന്‍ പള്ളുരുത്തി ചിത്രാംഗദനാവുന്നു. മാര്‍വിന്‍, മഞ്ജരി, സി. ഐ. പോള്‍, ജഗതി ശ്രീകുമാര്‍, ജനാര്‍ദനന്‍, ഇന്ദ്രന്‍സ്, മാമുക്കോയ, അഗസ്റിന്‍, മാള അരവിന്ദന്‍, നാരായണന്‍കുട്ടി, കൊച്ചുപ്രേമന്‍, ഹരിശ്രീ മാര്‍ട്ടിന്‍, ടി. എസ്. രാജു, മനുരാജ്, കലാഭവന്‍ സന്തോഷ്, കലാഭവന്‍ റഹ്മാന്‍, സാഗര്‍, മങ്കാ മഹേഷ്, സിന്ധു അഞ്ചുമന, ചന്ദ്രലേഖ, മഞ്ജു എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
അനീഷ് പണിക്കര്‍ തന്നെയാണ് കഥയും തിരക്കഥയും സംഭാഷണവും രചിക്കുന്നത്. രാജേഷ് ഓംചേരിയുടെ ഗാനങ്ങള്‍ക്ക് ഹെക്ടര്‍ അല്‍ഫോണ്‍സ് സംഗീതം പകരുന്നു. ഛായാഗ്രഹണം ഉല്‍പല്‍ വി. നായനാര്‍.


Click it and Unblock the Notifications