മോഹന്‍ലാല്‍ വീണ്ടും മീശ പിരിക്കുന്നു
മോഹന്‍ലാല്‍ വീണ്ടും മീശ പിരിക്കുന്നു
മെയ് 21, 2006
വീരനായക വേഷങ്ങള്‍ക്ക് വിട പറഞ്ഞാണ് മോഹന്‍ലാല്‍ തന്മാത്രയിലും രസതന്ത്രത്തിലും ജീവിതത്തോട് ഒട്ടിനില്‍ക്കുന്ന സാധാരണക്കാരായ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആ ചിത്രങ്ങള്‍ വിജയങ്ങളായെങ്കിലും മോഹന്‍ലാല്‍ വീണ്ടും മീശ പിരിക്കാനൊരുങ്ങുകയാണ്. ഒരിക്കല്‍ക്കൂടി വീരനായകന്റെ കസര്‍ത്തുകളുമായി ലാല്‍ ആരാധകര്‍ക്കു മുന്നിലെത്തുന്നു.
ഷാജി കൈലാസിന്റെ ചിത്രത്തിലാണ് മോഹന്‍ലാല്‍ വീണ്ടും മീശ പിരിക്കുന്നത്. അലിഭായി എന്ന് പേരിട്ട ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രമാണ് അവതരിപ്പിക്കുന്നത്. ഷാജി കൈലാസിന്റെ നരസിംഹത്തിലും ആറാം തമ്പുരാനിലും നാട്ടുരാജാവിലും മാടമ്പിമാരുടെ പാരമ്പര്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച മോഹന്‍ലാല്‍ ഇക്കുറി അത്തരം പരിവേഷങ്ങള്‍ അഴിച്ചുവയ്ക്കുകയാണ്.
കോഴിക്കോട് പാളയം മാര്‍ക്കറ്റിലെ കൂലിയായ അലിഭായി എന്ന കഥാപാത്രത്തെയാണ് ഷാജിയുടെ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. അധ്വാനിക്കുന്ന വര്‍ഗത്തിന് നീതി ലഭിക്കാനായി നിര്‍ഭയം ശബ്ദമുയര്‍ത്തുന്ന അലിഭായി മോഹന്‍ലാലിന്റെ വീരനായക വേഷങ്ങളുടെ കൂട്ടത്തില്‍ പുതിയൊരു മുഖമായിരിക്കും.
മോഹന്‍ലാലിന്റെ ബാലേട്ടന്‍, നാട്ടുരാജാവ്, മാമ്പഴക്കാലം എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച ടി.എ.ഷാഹിദാണ് അലിഭായിയുടെ രചന നിര്‍വഹിക്കുന്നത്. രാജമാണിക്യം എന്ന മെഗാഹിറ്റിന് തിരക്കഥ രചിച്ച ടി.എ.ഷാഹിദ് ഷാജിയോടൊപ്പം ചേര്‍ന്ന് അത്തരമൊരു കൂറ്റന്‍ വിജയം മോഹന്‍ലാലിനും സമ്മാനിക്കാനൊരുങ്ങുകയാണ്.
മീശ പിരിച്ച് വീരനായക വേഷമാടിയത് മോഹന്‍ലാലിന്റെ കരിയറിന് ഒരു പോലെ ഗുണവും ദോഷവും ചെയ്തിട്ടുണ്ട്. നരസിംഹം, ആറാം തമ്പുരാന്‍, രാവണപ്രഭു തുടങ്ങിയ ചിത്രങ്ങള്‍ മോഹന്‍ലാലിനെ താരമൂല്യത്തിനും ജനപ്രിയത്തിലും ഏറെ ഉയരങ്ങളിലെത്തിച്ചെങ്കിലും അത്തരം ചിത്രങ്ങളുടെ ആവര്‍ത്തനം കരിയറിന് ദോഷമായി. എന്നാല്‍ നരന്‍ എന്ന ചിത്രത്തില്‍ വീണ്ടും മീശ പിരിച്ച മോഹന്‍ലാലിന് മറ്റൊരു സൂപ്പര്‍ഹിറ്റ് സൃഷ്ടിക്കാനും സൂപ്പര്‍താര മത്സരത്തില്‍ തന്റെ സ്ഥാനം ഭദ്രമാക്കാനും കഴിഞ്ഞു.


Click it and Unblock the Notifications