twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തീയേറ്ററുകളില്‍ താണ്ഡവമാടാന്‍ കാശിനാഥന്‍

    By Staff
    |

    തീയേറ്ററുകളില്‍ താണ്ഡവമാടാന്‍ കാശിനാഥന്‍
    മെയ് 23, 2002

    തിരുവനന്തപുരത്തെ പ്രസിദ്ധമായ കുതിര മാളിക. രാജ പരമ്പരയുടെ ഗാംഭീര്യം വായുവില്‍ പോലും തുളുമ്പി നില്‍ക്കുന്ന ഈ മാളിക ഇപ്പോള്‍ മലയാള സിനിമയുടെ തമ്പുരാന്റെ കൊട്ടാരമാണ്. ഷാജി കൈലാസിന്റെ പുതിയ ചിത്രമായ താണ്ഡവത്തിന്റെ ചിത്രീകരണം ഇപ്പോള്‍ നടക്കുന്നത് കുതിരമാളികയിലാണ്.

    മോഹന്‍ലാലിന്റെ മീശ ഷാജി കൈലാസ് പിരിച്ചാല്‍ മലയാളത്തിലെ തീയേറ്ററുകള്‍ പൂരപ്പറമ്പുകളാകുമെന്നതിന് തെളിവുകള്‍ ധാരാളമുണ്ട്. ആറാം തമ്പുരാനും നരസിംഹവുമൊക്കെ കേരളം കണ്ട എക്കാലത്തെയും വലിയ മെഗാ ഹിറ്റുകളായിരുന്നു. ആ പരമ്പരയിലേയ്ക്കാണ് താണ്ഡവം വരുന്നത്.

    കൈക്കരുത്തും രാജരക്തവും കാശിനാഥനില്‍ പാകത്തിന് കലര്‍ത്താന്‍ തിരക്കഥാ കൃത്ത് എസ്. സുരേഷ് ബാബു മറന്നിട്ടില്ല. രഞ്ജിത്ത് മോഹന്‍ ലാലിനു വേണ്ടി ഒരുക്കിയ ഫ്യൂഡല്‍ പ്രഭുക്കളുടെ അച്ചില്‍ തന്നെയാണ് കാശിനാഥനെയും വാര്‍ത്തിരിക്കുന്നത്.

    കൊല്ലപ്പെട്ട ജ്യേഷ്ഠന്റെ വേര്‍പാടില്‍ മനം നൊന്ത് ആട്ടുമഞ്ചലില്‍ കിടക്കുന്ന കാശിനാഥനെ ഷാജിയുടെ നിര്‍ദ്ദേശപ്രകാരം കാമെറയിലാക്കുകയാണ് സഞ്ജീവ് ശങ്കര്‍. കോരിച്ചൊരിയുന്ന മഴ കാശിനാഥന്റെ മനസിന്റെ പ്രതിഫലനമാണ്. വേദനയുടെ പെരുമഴ കാശിയുടെ നെഞ്ചിലും തോരാതെ പെയ്യുന്നു. ബാല്യവും കൗമാരവും അയാളുടെ മനസിലേയ്ക്ക് കടന്നു വരുന്നു.

    കാശിനാഥന്റെ ജ്യേഷ്ഠനാണ് സ്വാമിനാഥന്‍. ഇഴപിരിയ്ക്കാനാവാത്ത വിധം അലിഞ്ഞു ചേര്‍ന്ന സാഹോദര്യം. എല്ലാമെല്ലാം പരസ്പരം സമര്‍പ്പിച്ച രണ്ടു സഹോദരങ്ങള്‍. സ്വാമിനാഥനാകുന്നത് നെടുമുടി വേണു. ഭരതത്തിനു ശേഷം മോഹന്‍ലാലുമായി ഒരു അഭിനയ മത്സരത്തിനെത്തുകയാണ് നെടുമുടി.

    കാശിനാഥന്റെ ഓര്‍മ്മകള്‍ക്ക് മീതെ ഒരു പൊലീസ് ജീപ്പ് പാഞ്ഞു വന്നു നിന്നു. കൊല്ലപ്പെട്ട സ്വാമിനാഥന്റെ വിവരങ്ങള്‍ക്കായി ചെവിയോര്‍ത്ത കാശിയുടെ കര്‍ണപടത്തില്‍ വന്നിടിച്ചത് ഞെട്ടിക്കുന്ന ഒരു വാര്‍ത്തയായിരുന്നു.

    അയാളുടെ കണ്ണുകള്‍ ചുവന്നു. മുഖത്തെ ഭാവം മാറി. ഞരമ്പുകള്‍ വലിഞ്ഞു മുറുകി. ഏതു നിമിഷവും പൊട്ടിത്തെറിയ്ക്കാവുന്ന ഒരിപര്‍വതമായി കാശിനാഥന്‍. അയാളുടെ ഭാവമാറ്റം ഒന്നൊന്നായി സഞ്ജീവ് ശങ്കര്‍ കാമറയിലാക്കി.

    സ്വാമിനാഥന്‍ എന്ന കഥാപാത്രത്തെക്കുറിച്ച് ഷാജി കൈലാസ് ഇങ്ങനെയാണ് പറയുന്നത്. സീനിയര്‍ നടന്മാര്‍ക്കു മാത്രം ചെയ്യാന്‍ കഴിയുന്ന വേഷം. ലാലിന്റെ ജ്യേഷ്ഠനും പിതൃതുല്യനുമാണ് സ്വാമിനാഥന്‍. രാജപരമ്പരയിലെ ഈ തമ്പുരാന് നെടുമുടി ഇന്നു വരെ കാണാത്ത ഭാവം പകര്‍ന്നിരിക്കുന്നു. ബാക്കിയെല്ലാം തീയേറ്ററില്‍ കാണുക

    താണ്ഡവത്തിലും ലാലിനെ ചുറ്റി ഒരു സംഘമുണ്ട്. മാത്തച്ചന്‍. ടോമിച്ചന്‍, കുശാല്‍ദാസ് എന്നിവരാണ് അവര്‍. മാത്തച്ചനെ ജഗതി ശ്രീകുമാറും ടോമിച്ചനെ വിജയകുമാറും അവതരിപ്പിക്കുന്നു. കുശാല്‍ ദാസ് ജഗദീഷും.

    ഫാന്റം പൈലിയ്ക്കു ശേഷം ഈചിത്രത്തിലും മനോജ് കെ. ജയന് വില്ലന്‍ വേഷമാണ്. അടുത്തടുത്ത് മലയാളത്തിലെ രണ്ടു സൂപ്പര്‍താരങ്ങളുടെ വില്ലനാകാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മനോജ്. എന്നാല്‍ ഈ തരത്തില്‍ ഇനിയൊരു വേഷം ചെയ്യാനില്ലെന്ന് മനോജ് പറയുന്നു.

    ചക്രം മുടങ്ങിയതിനു പകരം മോഹന്‍ലാല്‍ ജോണി സാഗരികയ്ക്ക് നല്‍കിയ സമ്മാനമാണ് താണ്ഡവം. അവസാന വരിയും എഴുതിത്തീര്‍ത്ത തിരക്കഥ ജോണി സാഗരികയ്ക്ക് നല്‍കുന്ന സമാധാനം ചെറുതല്ല.

    ചക്രം മൂലം കുറെ ചക്രം പോയെന്നു വച്ച് ചെലവിന്റെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയ്ക്കും ജോണി തയ്യാറാകുന്നില്ല. കിടയറ്റ ലൊക്കേഷനുകളില്‍ തന്നെ ഓരോ ഫ്രെയിമും ഒരുക്കണമെന്ന് ഒരു തരം വാശിയുളളതു പോലെ. ചെറിയ സീനുകള്‍ക്കു പോലും ലൊക്കേഷനാകുന്നത് ടെക്നോപാര്‍ക്കു പോലെ കിടയറ്റ സ്ഥലങ്ങള്‍.

    കണ്ടിരിക്കുന്നവന്റെ തലയിലേയ്ക്ക് ഇടിമഴ പോലെ വന്നു പതിക്കുന്ന ഫ്രെയിമുകളാണ് ഷാജിയുടെ ചിത്രങ്ങളുടെ സവിശേഷത. ഓരോ സീനും കാമെറ ആഘോഷിക്കുകയാണെന്നു തോന്നും. യുവാക്കളുടെ ഞരമ്പില്‍ തീപടര്‍ത്തുന്ന ഫ്രെയിമുകളുമായി താണ്ഡവം ഒരുങ്ങുകയാണ്. അതുല്യമായ മാനറിസങ്ങളോടെ മോഹന്‍ലാലിന്റെ കാശിനാഥന്‍ ശിവതാണ്ഡവമാടുന്ന ഓണച്ചിത്രം.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X