twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയറാമിന്റെ എംഎല്‍എ ദിവാകരന്‍

    By Staff
    |

    ജയറാമിന്റെ എംഎല്‍എ ദിവാകരന്‍
    മെയ് 23, 2004

    എംഎല്‍എ ദിവാകരന്‍- സുന്ദര്‍ദാസിന്റെ പൗരന്‍ എന്ന ചിത്രത്തില്‍ ജയറാം അവതരിപ്പിക്കുന്ന കഥാപാത്രം. ധീരനായ രാഷ്ട്രീയ നേതാവായ എംഎല്‍എ ദിവാകരന്‍ ജയറാമിന്റെ അഭിനയജീവിതത്തിലെ വ്യത്യസ്തവും കരുത്തുറ്റതുമായ കഥാപാത്രമായിരിക്കും.

    പുരോഗമനാശയങ്ങളില്‍ വിശ്വസിക്കുന്ന എംഎല്‍എ ദിവാകരന്‍ തന്റെ വിശ്വാസങ്ങളുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. എന്നാല്‍ വിട്ടുവീഴ്ചയ്ക്ക് ഒരുക്കമല്ലാത്ത ആദര്‍ശപരമായ കാര്‍ക്കശ്യം അയാള്‍ക്ക് വിനയായി. സ്വന്തം പാര്‍ട്ടിയിലും കുടുംബത്തിലും അയാള്‍ക്ക് എതിര്‍പ്പുകളെ നേരിടേണ്ടിവന്നു. ആദര്‍ശത്തിന്റെ പേരില്‍ ഒറ്റപ്പെടുന്ന അയാള്‍ക്ക് വലിയ മാനസിക സംഘര്‍ഷങ്ങള്‍ നേരിടേണ്ടിവന്നു.

    എംഎല്‍എ ദിവാകരന്‍ എന്ന ആദര്‍ശവാനായ രാഷ്ട്രീയനേതാവ് ജയറാം അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. രാഷ്ട്രീയക്കാരനായി ആദ്യമായല്ല ജയറാം അഭിനയിക്കുന്നത്. സത്യന്‍ അന്തിക്കാടിന്റെ സന്ദേശം എന്ന ചിത്രത്തില്‍ യുവജനസംഘടനയുടെ നേതാവായി ജയറാം അഭിനയിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാരുടെ കാപട്യവും കൊള്ളരുതായ്മകളും തുറന്നുകാട്ടുന്ന സന്ദേശത്തിലെ കഥാപാത്രത്തില്‍ നിന്നും വ്യത്യസ്തമായ വേഷമാണ് ജയറാം സുന്ദര്‍ദാസിന്റെ പൗരന്‍ എന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സന്ദേശത്തില്‍ രാഷ്ട്രീയത്തിലെ കപടനാടകങ്ങള്‍ക്ക് ഇരയാവുന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിച്ചതെങ്കില്‍ പൗരനില്‍ അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന കരുത്തനായ നേതാവായാണ് ജയറാം വേഷമിടുന്നത്.

    രാഷ്ട്രീയപശ്ചാത്തലത്തിലുള്ള കഥാപാത്രങ്ങള്‍ പല താരങ്ങള്‍ക്കും തങ്ങളുടെ അഭിനയജീവിതത്തില്‍ മുതല്‍ക്കൂട്ടായിട്ടുണ്ട്. ഐ. വി. ശശിയുടെ അടിമകള്‍ ഉടമകള്‍ എന്ന ചിത്രത്തിലെ തൊഴിലാളി യൂണിയന്‍ നേതാവായ രാഘവന്‍ മമ്മൂട്ടിയുടെ കരുത്തുറ്റ കഥാപാത്രമാണ്. ലാല്‍ സലാമിലെ നെട്ടൂരാന്‍ എന്ന കമ്യൂണിസ്റ് നേതാവ് മോഹന്‍ലാലിന്റെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നാണ്.

    സുഹാസിനി, ശ്രീനിവാസന്‍, ബാലന്‍ കെ. നായര്‍ എന്നിവരും രാഷ്ട്രീയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്. സമൂഹത്തില്‍ സുഹാസിനി അവതരിപ്പിച്ച എംഎല്‍എ, വെള്ളാനകളുടെ നാട്ടില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച പഞ്ചായത്ത് പ്രസിഡന്റ്, ഈ നാട് എന്ന ചിത്രത്തില്‍ ബാലന്‍ കെ. നായര്‍ അവതരിപ്പിച്ച കമ്യൂണിസ്റ് നേതാവ് തുടങ്ങിയ കഥാപാത്രങ്ങള്‍ ഉദാഹരണം.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X