സുരേഷ്ഗോപിയും ഷാജിയും പിണങ്ങിപ്പിരിഞ്ഞു
സുരേഷ്ഗോപിയും ഷാജിയും പിണങ്ങിപ്പിരിഞ്ഞു
മെയ് 24, 2006
നീണ്ട ഇടവേളക്കു ശേഷമാണ് സുരേഷ് ഗോപിയും ഷാജി കൈലാസും ഒന്നിച്ചത്. ടൈഗര്‍ ശരാശരി വിജയം നേടിയതോടെ വീണ്ടും മറ്റൊരു ചിത്രം കൂടി ഇരുവരും ചേര്‍ന്നൊരുക്കി. ചിന്താമണി കൊലക്കേസ് ഹിറ്റായി.
ഭരത്ചന്ദ്രന്‍ ഐപിഎസിന്റെ വന്‍വിജയത്തോടെ ഒരു തിരിച്ചുവരവ് നടത്തിയ സുരേഷ് ഗോപിക്കൊപ്പം ചേര്‍ന്നത് ഷാജി കൈലാസിനെയും ഒരു തിരിച്ചുവരവിന് സഹായിച്ചു. ടൈഗറിനും ചിന്താമണിക്കും ശേഷം ഈ ജോഡി വീണ്ടും വിജയപരമ്പര തുടരുമെന്ന് കരുതിയ വേളയിലാണ് പുതിയ വാര്‍ത്ത- ഇരുവരും പിരിയുന്നു!
സുരേഷ് ഗോപിയുടെ പ്രതാപകാലത്ത് തലസ്ഥാനം, ഏകലവ്യന്‍, മാഫിയ, കമ്മിഷണര്‍ എന്നീ തുടര്‍ച്ചയായ ഹിറ്റുകള്‍ക്കു ശേഷം ആവര്‍ത്തനവിരസത ഒഴിവാക്കാന്‍ തത്കാലം പിരിയാന്‍ ഇരുവരും തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത്തവണ പിരിയുന്നത് അത്തരമൊരു തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ല. ഇരുവരും പിണങ്ങിപ്പിരിയുകയാണ്.
ചിന്താമണി കൊലക്കേസിന്റെ വിജയോന്മാദമാണ് ഇരുവരെയും അകറ്റിയത്. മറ്റേയാളുടെ കരിയര്‍ രക്ഷിച്ചത് താനാണെന്ന് ഇരുവരും തങ്ങളുടെ സുഹൃത്തുക്കളോട് പറഞ്ഞതും ഇത് ഇരുവരും അറിയുകയും ചെയ്തതാണ് പ്രശ്നമായത്. സുരേഷ് ഗോപിയുടെ കരിയര്‍ കരക്കടുപ്പിച്ചത് താനാണെന്ന് ഷാജി കൈലാസ്. എന്നാല്‍ ഈ കമന്റ് സുരേഷ് ഗോപിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. ചിന്താമണിയുടെ വിജയത്തിന് തനിക്ക് പ്രധാന പങ്കുണ്ടെന്നും ഷാജി കൈലാസിന്റെ ആശയത്തില്‍ പല മാറ്റങ്ങളും താന്‍ വരുത്തിയതാണ് വിജയത്തിന് സഹായകമായതെന്നും സുരേഷ് ഗോപി പറയുന്നു.
അതോടെ ഇരുവരും പിണങ്ങി. ഉടന്‍ മറ്റൊരു ഷാജി കൈലാസ് ചിത്രത്തില്‍ അഭിനയിക്കാന്‍ സുരേഷ് ഗോപിക്ക് താത്പര്യമില്ല. ഷാജി കൈലാസാകട്ടെ മോഹന്‍ലാലിനെ നായകനാക്കി അലിഭായി എന്നൊരു ചിത്രം ചെയ്യാനൊരുങ്ങുകയാണ്.


Click it and Unblock the Notifications