പ്രിയന്‍ വിവാദകുരുക്കില്‍
പ്രിയന്‍ വിവാദകുരുക്കില്‍
മെയ് 25, 2003
നിര്‍മാതാവ് സിയാദ് കോക്കറുമായുള്ള തര്‍ക്കം തീരാതെ പ്രിയദര്‍ശന്റെ തമിഴ് ചിത്രം ലേസാ...ലേസാ... കേരളത്തിലെ തിയേറ്ററുകളിലെത്തുകയില്ല. അതിനിടെ ലേസാ...ലേസാ...യുടെ നിര്‍മാതാവുമായുള്ള തര്‍ക്കം മൂലം തനിക്ക് വിലക്കേര്‍പ്പെടുത്തുന്നത് യുക്തിസഹമല്ലെന്ന വാദവുമായി പ്രിയദര്‍ശന്‍ മാക്ടയെ സമീപിച്ചിരിക്കുകയാണ്.
സിബി മലയില്‍ സംവിധാനം ചെയ്ത സമ്മര്‍ ഇന്‍ ബത്ലഹേം എന്ന ചിത്രത്തിന്റെ കഥ അടിസ്ഥാനമാക്കിയാണ് ലേസാ...ലേസാ ഒരുക്കിയത്. സമ്മര്‍ ഇന്‍ ബത്ലഹേമിന്റെ നിര്‍മാതാവായ തനിക്ക് പണം കിട്ടണമെന്ന് ആവശ്യപ്പെട്ട് സിയാദ് കോക്കര്‍ പ്രിയനെ സമീപിച്ചിരുന്നു. 12 ലക്ഷം രൂപ നല്‍കാന്‍ തമിഴ്ചിത്രത്തിന്റെ നിര്‍മാതാവിനോട് ആവശ്യപ്പെടാമെന്ന് പ്രിയന്‍ ഉറപ്പ് നല്‍കിയിരുന്നതായാണ് സിയാദ് കോക്കര്‍ പറയുന്നത്.
എന്നാല്‍ ഉറപ്പ് പ്രകാരം ലഭിക്കേണ്ട 12 ലക്ഷത്തില്‍ നിന്നും നാല് ലക്ഷം മാത്രമേ സിയാദിന് ലഭിച്ചുള്ളൂ. ബാക്കി പണം ലഭിക്കാത്തതിനെ തുടര്‍ന്നാണ് നിര്‍മാതാക്കളുടെ സംഘടന പ്രിയന്റെ ചിത്രങ്ങള്‍ വിതരണം ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. അതിനിടെ സമ്മര്‍ ഇന്‍ ബത്ലഹേമിന്റെ കഥ തന്റേതാണെന്നും തനിക്കും പണം കിട്ടണമെന്നും കാണിച്ച് ചിത്രത്തിന്റെ തിരക്കഥാകൃത്ത് രഞ്ജിത്തും കത്ത് നല്‍കി. രഞ്ജിത്ത് കൂടി ഇടപെട്ടതോടെ തര്‍ക്കം തീരാതെ സിയാദിന് പണം നല്‍കാനാവില്ലെന്നാണ് തമിഴ്ചിത്രത്തിന്റെ നിര്‍മാതാവിന്റെ നിലപാട്.
അതേ സമയം പണം കിട്ടുന്നതുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടപടി സ്വീകരിക്കുന്നത് ശരിയല്ലെന്നും പണം നല്‍കാത്ത നിര്‍മാതാവിനെതിരെ സിയാദ് കേസ് നല്‍കുകയാണ് വേണ്ടതെന്നും പ്രിയന്‍ പറയുന്നു.
മൂന്ന് ചിത്രങ്ങളുടെ കഥ ചേര്‍ത്താണ് പ്രിയന്‍ ലേസാ..ലേസാ ഒരുക്കിയിരിക്കുന്നത്. സമ്മര്‍ ഇന്‍ ബത്ലഹേമിന് പുറമെ പ്രിയന്റെ പഴയ ചിത്രങ്ങളായ കിലുക്കത്തിന്റെയും ചെപ്പിന്റെയും ഭാഗങ്ങള്‍ ഈ ചിത്രത്തിലുണ്ട്. ഇതിന് പുറമെ ശ്രീനിവാസന്‍ എഴുതിയ പുതിയ കഥയും. പ്രധാന കഥാപാത്രങ്ങള്‍ സമ്മര്‍ ഇന്‍ ബത്ലഹേമില്‍ നിന്നുതന്നെ.
സമ്മര്‍ ഇന്‍ ബത്ലഹേമില്‍ സുരേഷ് ഗോപി അവതരിപ്പിച്ച കഥാപാത്രമായി ശ്യാം ആണ് ലേസാ..ലേസായില്‍ അഭിനയിക്കുന്നത്. ജയറാമിന്റെ കഥാപാത്രത്തെ വിവേക് അവതരിപ്പിക്കുന്നു. കലാഭവന്‍ മണിയുടെ റോളില്‍ ശ്രീനിവാസനാണ്. ത്രിഷയാണ് ചിത്രത്തിലെ നായിക.


Click it and Unblock the Notifications