പ്രജാപതി നേരത്തെയെത്തും
പ്രജാപതി നേരത്തെയെത്തും
മെയ് 25, 2006
മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കിയ പ്രജാപതി തിയേറ്ററുകളില്‍ നേരത്തെയെത്തും. ജൂലൈ ഏഴിന് റിലീസ് ചെയ്യാന്‍ നേരത്തെ നിശ്ചയിച്ചിരുന്ന ഈ ചിത്രം ജൂണ്‍ 16ന് തന്നെ തിയേറ്ററുകളിലെത്തിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.
ചില ചിത്രങ്ങളുടെ റിലീസിംഗ് മാസങ്ങളോളം വൈകിക്കുന്ന സാഹചര്യം മലയാള സിനിമാ വ്യവസായ രംഗത്ത് നിലനില്‍ക്കുമ്പോഴാണ് മൂന്നാഴ്ച നേരത്തെ പ്രജാപതി തിയേറ്ററുകളിലെത്തിക്കാന്‍ വിതരണക്കാരും നിര്‍മാതാക്കളുമായ വലിയവീട്ടില്‍ ഫിലിംസ് തീരുമാനിച്ചത്.
മെഗാഹിറ്റ് ചിത്രമായ രാജമാണിക്യം നിര്‍മിച്ചതും വലിയവീട്ടില്‍ ഫിലിംസായിരുന്നു. മഴക്കാലത്ത് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നതിന് വിതരണക്കാര്‍ മടിക്കുമ്പോള്‍ അത്തരം പ്രതിബന്ധങ്ങളൊന്നും പ്രജാപതിയെ ബാധിക്കില്ലെന്ന വിശ്വാസത്തിലാണ് വലിയവീട്ടില്‍ ഫിലിംസ്.
മമ്മൂട്ടിയുടെ ബല്‍റാം വേഴ്സസ് താരാദാസ് നിറഞ്ഞ സദസുകളില്‍ പ്രദര്‍ശിപ്പിച്ചുവരുമ്പോഴാണ് പ്രജാപതി തിയേറ്ററുകളിലെത്തുന്നത്. തുറുപ്പുഗുലാന്‍ റിലീസ് ചെയ്ത് ഒരു മാസം പോലും തികയുന്നതിന് മുമ്പാണ് ബല്‍റാം വേഴ്സസ് താരാദാസ് റിലീസ് ചെയ്തത്. ബല്‍റാം വേഴ്സസ് താരാദാസ് തിയേറ്ററുകളില്‍ തുടരുന്ന വേളയില്‍ തന്നെ അടുത്ത മമ്മൂട്ടി ചിത്രവുമെത്തുന്നു.
അതേ സമയം പ്രജാപതിയുടെ റിലീസിംഗ് നേരത്തെയാക്കേണ്ട സാഹചര്യമില്ലെന്നാണ് സിനിമാവ്യവസായ രംഗത്തുള്ളവര്‍ അഭിപ്രായപ്പെടുന്നത്. മമ്മൂട്ടിയുടെ അടുത്ത ചിത്രമായ ഭാര്‍ഗവചരിതം ഒന്നാം ഘട്ടം സപ്തംബര്‍ ഒന്നിന് മാത്രമാണ് റിലീസ് ചെയ്യുന്നത്.


Click it and Unblock the Notifications