ശ്യാമളന്റെ സൈന്‍സില്‍ ഗിബ്സണ്‍ നായകന്‍
മനോജ് നൈറ്റ് ശ്യാമളന്റെ പുതിയ ചിത്രമായ സൈന്‍സില്‍ മെല്‍ ഗിബ്സണ്‍ നായകന്‍. തിരക്കഥ വായിച്ച ഗിബ്സണ്‍ സമ്മതം മൂളിയിട്ടുണ്ടെന്ന് ഡെയിലി വെറൈറ്റി മാസിക റിപ്പോര്‍ട്ട് ചെയ്തു.
പുതിയ ചിത്രമായ സൈന്‍സിന്റെ കഥയും മറ്റും പുറത്തുവിട്ടിരുന്നെങ്കിലും അഭിനേതാക്കള്‍ ആരൊക്കെയാണെന്ന് ശ്യാമളന്‍ വെളിപ്പെടുത്തിയിരുന്നില്ല. 1977ല്‍ സമ്മര്‍ സിറ്റി എന്ന ചിത്രത്തിലൂടെ ചലച്ചിത്രവേദിയിലെത്തിയ മെല്‍ ഗിബ്സണ്‍ വ്യത്യസ്തമായ വേഷങ്ങളിലൂടെ ഹോളിവുഡില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. ഗിബ്സണ്‍ തന്നെ സംവിധാനം ചെയ്ത ബ്രേവ് ഹാര്‍ട്ട് എന്ന ചിത്രത്തില്‍ അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 1996ലെ മികച്ച സംവിധായകനുള്ള ഓസ്കാര്‍ അവാര്‍ഡും ഈ ചിത്രത്തിലൂടെ ഗിബ്സണ്‍ നേടി.
ഫിലാദെല്‍ഫിയക്കു സമീപം താമസിക്കുന്ന ഒരു കുടുംബത്തിന്റെ കൃഷിയിടത്തില്‍ ദുരൂഹ സാഹചര്യത്തില്‍ ചില അടയാളങ്ങള്‍ പ്രത്യക്ഷപ്പെടുന്നതാണ് സൈന്‍സിന്റെ കഥാതന്തു. ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും ശ്യാമളന്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. ശ്യാമളന്റെ മുന്‍ ചിത്രങ്ങളായ ദി സിക്സ്ത് സെന്‍സിലും അണ്‍ബ്രേക്കബിളിലും ബ്രൂസ് വില്ലിസായിരുന്നു നായകന്‍.


Click it and Unblock the Notifications