കേരളാ ഹൗസില്‍ പുതുമുഖ നായിക ഗേളി
കേരളാ ഹൗസില്‍ പുതുമുഖ നായിക ഗേളി
മെയ് 27, 2003
താഹ സംവിധാനം ചെയ്യുന്ന കേരളാ ഹൗസ് വില്പനയ്ക്ക് എന്ന ചിത്രത്തിലൂടെ ഒരു പുതുമുഖ നായികയെ പരിചയപ്പെടുത്തുന്നു. ഗേളിയാണ് ഈ ചിത്രത്തിലൂടെ അരങ്ങേറുന്നത്.
ജയസൂര്യയാണ് ചിത്രത്തിലെ നായകന്‍. വന്‍ഹിറ്റായ ഈ പറക്കുംതളികയ്ക്ക് ശേഷം താഹ ഒരുക്കുന്ന ചിത്രമാണിത്.
ദിനേശന്‍ എന്ന ചെറുപ്പക്കാരനെയാണ് ജയസൂര്യ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. റിയല്‍ എസ്റേറ്റ് ബിസിനസുകാരനായിരുന്ന അഛന്‍ മരിക്കുന്നതിന് മുമ്പ് കേരള ഹൗസ് എന്ന വീടിന് അഞ്ച് ലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയിരുന്നു. ഈ പണം വസൂലാക്കണമെങ്കില്‍ കേരള ഹൗസ് എത്രയും പെട്ടെന്ന് വിറ്റേ മതിയാവൂ.
വീട് വില്‍ക്കുന്നതിനായി ബ്രോക്കറായ വല്ലഭന്‍ ദിനേശനെ സഹായിച്ചു. വല്ലഭന്റെ അകന്ന ബന്ധുവായ പരമു നായര്‍ക്ക് വീട് വിറ്റു. വീട് ഒരു വിധം പരമു നായരുടെ തലയില്‍ കെട്ടിവച്ചപ്പോഴാണ് വീടിന് അവകാശികളായി മറ്റൊരു സംഘമെത്തുന്നത്. അതോടെ കാര്യങ്ങള്‍ കുഴങ്ങി.
വല്ലഭനെ അവതരിപ്പിയ്ക്കുന്നത് ഹരിശ്രീ അശോകനാണ്. കൊച്ചിന്‍ ഹനീഫ, നരേന്ദ്രപ്രസാദ്, സലിംകുമാര്‍, ബാലാസിംഗ്, നാരായണന്‍കുട്ടി, സിദ്ധരാജ്, മച്ചാന്‍ വര്‍ഗീസ്, ഗീതാ സലാം, ജോളി ഈശോ, കോവൈ സരള, അഞ്ജലി, ശ്രീദേവി പണിയ്ക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിയ്ക്കുന്നു.
തിരക്കഥയും സംഭാഷണവും രചിച്ചിരിയ്ക്കുന്നത് ഗിരീഷ് പുത്തഞ്ചേരിയാണ്. കലൂര്‍ ഡെന്നീസിന്റെ ഗാനങ്ങള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു. ചിത്രാംഗനയുടെ ബാനറില്‍ ഔസേപ്പച്ചനാണ് ചിത്രം നിര്‍മിയ്ക്കുന്നത്.


Click it and Unblock the Notifications