ജൂണ്‍ 25 മുതല്‍ സിനിമാ സമരം
ജൂണ്‍ 25 മുതല്‍ സിനിമാ സമരം
മെയ് 27, 2004
കൊച്ചി: ജൂണ്‍ 25 മുതല്‍ സിനിമയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും സ്തംഭിപ്പിച്ച് സമരം തുടങ്ങാന്‍ തീരുമാനിച്ചതായി ഫിലിം ചേംബര്‍ പ്രസിഡന്റ് സിയാദ് കോക്കര്‍ അറിയിച്ചു.
തിയേറ്ററുകളുടെ വൈദ്യുതി നിരക്ക് എഎസ്ഐ യൂണിറ്റുകളിലേതിന് തുല്യമാക്കുക, നികുതി മറ്റ് സംസ്ഥാനങ്ങളുടേതിന് തുല്യമാക്കുക, വ്യാജസിഡി നിര്‍മാണം തടയുന്നതിന് നിയമം കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
ജൂണ്‍ 25 മുതല്‍ തിയേറ്ററുകളും സ്റുഡിയോകളും അടച്ചിടും. ജൂണ്‍ ഒന്നിന് സര്‍ക്കാരിന് നോട്ടീസ് നല്‍കുമെന്ന് സിയാദ് കോക്കര്‍ അറിയിച്ചു.
അതേ സമയം സിനിമാ പ്രതിസന്ധി അനിശ്ചിതമായി തുടരുന്ന സാഹചര്യത്തില്‍ തങ്ങളുടെ കര്‍ക്കശ നിലപാടില്‍ ഫിലിം ചേംബര്‍ അയവ് വരുത്താന്‍ തയ്യാറാവുന്നുവെന്ന് സൂചന ലഭിച്ചു. താരസംഘടനയായ അമ്മയുമായി ചര്‍ച്ച നടത്തുന്നതിന് നിര്‍മാതാക്കളുടെ സംഘടനയ്ക്ക് ഫിലിം ചേംബറിന്റെ അച്ചടക്ക സമിതി അനുമതി നല്‍കി.
സംവിധായകര്‍ ഉള്‍പ്പെടെയുള്ള മധ്യസ്ഥരുടെ സഹായത്തോടെ ചര്‍ച്ച നടത്താനാണ് തീരുമാനം. അമ്മയുമായി ചര്‍ച്ചയില്ല എന്ന നിലപാടില്‍ മാറ്റം വരുത്താന്‍ ഒരു വിഭാഗത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് ഫിലിം ചേംബര്‍ നിര്‍ബന്ധിതമാവുകയായിരുന്നു. പ്രതിസന്ധി അനിശ്ചിതമായി തുടരുന്ന സാഹചര്യത്തില്‍ ചേംബര്‍ കടുംപിടുത്തം നടത്തുന്നതിനെ തിയേറ്റര്‍ ഉടമകളും ഒരു വിഭാഗം നിര്‍മാതാക്കളും വിമര്‍ശിച്ചുവെന്നാണ് അറിയുന്നത്.
അതേ സമയം തങ്ങളുടെ നിലപാട് വിശദീകരിക്കാന്‍ വേണ്ടിയാണ് നിര്‍മാതാക്കളുടെ സംഘടനയ്ക്ക് ചര്‍ച്ച നടത്താന്‍ അനുമതി നല്‍കിയതെന്ന് സിയാദ് കോക്കര്‍ പറഞ്ഞു. തങ്ങളുടെ തീരുമാനങ്ങളില്‍ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


Click it and Unblock the Notifications