For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അകലെ: ഹൃദ്യമായ ചലച്ചിത്രാഖ്യാനം

  By Staff
  |

  അകലെ: ഹൃദ്യമായ ചലച്ചിത്രാഖ്യാനം

  മെയ് 30, 2004

  തീവ്രമായ ചലച്ചിത്രാനുഭവമെന്ന നിലയില്‍ ശ്യാമപ്രസാദിന്റെ അകലെ സിനിമാസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റുന്നു. മെയ് 28ന് തിയേറ്ററുകളിലെത്തിയ ഈ ചിത്രം ചലച്ചിത്രഭാഷയുടെ ഹൃദ്യമായ ആഖ്യാനമായാണ് സിനിമാസ്വാദകരും വിമര്‍ശകരും വിലയിരുത്തുന്നത്. അസാധാരണായ ഫ്രെയ്മുകളും വ്യത്യസ്തമായ ജീവിതവീക്ഷണം ഉള്‍ച്ചേര്‍ന്ന പ്രമേയവും ഈ ചിത്രത്തിന്റെ സവിശേഷതകളാണ്.

  ടെന്നിസ് വില്യംസിന്റെ ദി ഗ്ലാസ് മിനേഗറി എന്ന അമേരിക്കന്‍ ക്ലാസിക് നാടകത്തെ ആസ്പദമാക്കിയാണ് ശ്യാമപ്രസാദ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ശ്യാമപ്രസാദ് തന്നെ.

  ഒരു എഴുത്തുകാരന്റെ ഓര്‍മകളിലൂടെയാണ് ചിത്രത്തിന്റെ ഇതിവൃത്തം വികസിക്കുന്നത്. ജീവിതത്തിലെ ആര്‍ദ്രനിമിഷങ്ങളിലെ വൈകാരികത ഒപ്പിയെടുക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ചിത്രത്തിലുണ്ട്. ഒരു ആംഗ്ലോ ഇന്ത്യന്‍ കുടുംബത്തിന്റെ മാനസികലോകത്തെ സമയത്തിന്റെയും കാലത്തിന്റെയും വ്യത്യസ്തമായ പാറ്റേണുകളിലൂടെയാണ് ചിത്രത്തില്‍ ദൃശ്യാനുഭവമാക്കുന്നത്.

  എഴുപതുകളിലെ പശ്ചാത്തലത്തിലാണ് ചിത്രത്തിലെ കഥ നടക്കുന്നത്. കടലോരത്തെ ഒരു വീട്ടില്‍ താമസിക്കുന്ന മാര്‍ഗരറ്റ് ഇവാന്‍സ്, അവരുടെ മക്കളായ ലജ്ജാലുവും ദുര്‍ബലമായുമായ റോസ, നീല്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥാവികാസം.

  നീലിന്റെ ആത്മസംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ കേന്ദ്രപ്രമേയം. കുടുംബത്തോടുള്ള ഉത്തരവാദിത്തത്തിന്റെ പേരില്‍ ഫാക്ടറി ജോലി ചെയ്യേണ്ടിവരുന്ന നീല്‍ വ്യാകുലനാണ്. തന്റെ കുടുംബത്തോടുള്ള ഉത്തരവാദിത്തത്തിനും തന്റെതായ ജീവിതം നയിക്കണമെന്ന ആഗ്രഹത്തിനുമിടയില്‍ വേദന നിറഞ്ഞ തിരഞ്ഞെടുപ്പ് അയാള്‍ക്ക് നടത്തേണ്ടിവരുന്നു.

  തങ്ങളുടേതായ ലോകങ്ങള്‍ പണിത് അതിലൂടെ തങ്ങളുടെ കേവല അസ്തിത്വത്തില്‍ നിന്ന് ഓടിയൊളിക്കാന്‍ ശ്രമിക്കുന്ന കുടുംബത്തിന്റെ വൈകാരികാവസ്ഥ നീല്‍ ഇവാന്‍സിന്റെ ആഖ്യാനത്തിലൂടെയാണ് ഇതള്‍വിരിയുന്നത്. സ്വപ്നസമാനമായ അയഥാര്‍ഥ അന്തരീക്ഷം കുടുംബത്തിന്റെയും ഓര്‍മകളുടെയും ജീവസുറ്റ പ്രതിനിധീകരണമായി തീരുന്നു.

  നീലായി അഭിനയിക്കുന്നത് പൃഥ്വിരാജാണ്. റോസയായി ഗീതു മോഹന്‍ദാസും മാര്‍ഗരറ്റായി ഷീലയും വേഷമിടുന്നു. നിര്‍മാതാവ് കൂടിയായ ടോം ജോര്‍ജ്, ശാന്താദേവി എന്നിവരോടൊപ്പം പ്രശസ്ത ബംഗാളി നടി ശ്രീലേഖ മിത്രയും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു.

  എസ്. കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഗാനങ്ങളില്ലെങ്കിലും ചിത്രത്തിന്റെ പ്രമേയത്തെ ആസ്പദമാക്കി ഗിരീഷ് പുത്തഞ്ചേരി രചിച്ച് എം. ജയചന്ദ്രന്‍ ഈണം പകര്‍ന്ന സംഗീതആല്‍ബം പുറത്തിറങ്ങിയിട്ടുണ്ട്.

  സാഹിത്യസൃഷ്ടികളെ ആസ്പദമാക്കി ചിത്രമൊരുക്കുന്നതിലാണ് ശ്യാമപ്രസാദ് തത്പരനായിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്. അിസാക്ഷി, കല്ലുകൊണ്ടൊരുപെണ്ണ്, ബോക്ഷു ദി മിത്ത് എന്നീ ചിത്രങ്ങള്‍ പോലെ അകലെയുടെ പ്രമേയവും ഒരു സാഹിത്യസൃഷ്ടിയില്‍ നിന്നാണ് കടംകൊണ്ടിരിക്കുന്നത്. ശ്യാമപ്രസാദിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ടിവി പരമ്പരയായ മരണം ദുര്‍ബലം കെ. സുരേന്ദ്രന്റെ നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരുന്നത്.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X