ദിലീപിന്റെ അച്ഛനായി ലാല്‍
ദിലീപിന്റെ അച്ഛനായി ലാല്‍
മെയ് 30, 2005
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ബ്ലാക്കിലും കഴിഞ്ഞയാഴ്ച തിയേറ്ററുകളിലെത്തിയ ബംഗ്ലാവില്‍ ഔതയിലും ലാലിന്റെ വ്യത്യസ്ത രൂപഭാവങ്ങളാണ് പ്രേക്ഷകര്‍ കണ്ടത്.
മുടി നരപ്പിച്ച് ആദ്യമായി ക്യാമറക്കു മുന്നിലെത്തിയ ലാല്‍ ബ്ലാക്കില്‍ പടവീടന്‍ എന്ന പ്രായം ചെന്ന അധോലോക നായകനായി കസറി. എഴുപതു കടന്ന വൃദ്ധനായി ബംഗ്ലാവില്‍ ഔതയില്‍ അഭിനയിച്ച ലാല്‍ ആ ചിത്രത്തിലും ഗംഭീരപ്രകടനമാണ് കാഴ്ചവച്ചത്. ഇപ്പോള്‍ ദിലീപ് നായകനായ ചാന്തുപൊട്ടിലും പ്രായം ചെന്ന കഥാപാത്രമായി വേഷമിടുകയാണ് ലാല്‍.
ചാന്തുപൊട്ടില്‍ ദിലീപിന്റെ അച്ഛനായാണ് ലാല്‍ അഭിനയിക്കുന്നത്. ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രമായ രാധ എന്ന രാധാകൃഷ്ണന്റെ അച്ഛനായ ദിവാകരന്‍. മത്സ്യത്തൊഴിലാളിയായ ദിവാകരന്റെ വേഷം ലാലിന്റെ മറ്റൊരു വ്യത്യസ്ത കഥാപാത്രമായിരിക്കും.
കല്യാണരാമനില്‍ ദിലീപിന്റെ ജ്യേഷ്ഠനായി അഭിനയിച്ച ലാല്‍ മുടിയും താടിയും നരപ്പിച്ച് ചാന്തുപൊട്ടില്‍ ദിലീപിന്റെ അച്ഛന്‍ വേഷമണിയുകയാണ്. ഒരു ഇടവേളക്കു ശേഷമാണ് ദിലീപും ലാലും ചാന്തുപൊട്ടി ലൂടെ ഒന്നിക്കുന്നത്.
ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ലാല്‍ തന്നെയാണ് ഈ ചിത്രം നിര്‍മിക്കുന്നത്. തൊമ്മനും മക്കളും എന്ന ചിത്രത്തിനു ശേഷം ലാല്‍ നിര്‍മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ലാല്‍ ജോസാണ്.


Click it and Unblock the Notifications