റിവര്‍മൂണുമായി ദീപാ മേത്ത
റിവര്‍മൂണുമായി ദീപാ മേത്ത
മെയ് 31, 2004
ദീപാ മേത്തയുടെ പുതിയ ചിത്രമായ റിവര്‍ മൂണിന്റെ ഷൂട്ടിംഗ് ഒടുവില്‍ ആരംഭിച്ചു. ഒട്ടേറെ തടസങ്ങള്‍ നേരിടേണ്ടിവന്ന ഈ പ്രൊജക്ടുമായി മുന്നോട്ടുപോവാന്‍ തന്നെ തീരുമാനിച്ച ദീപാമേത്ത ഒടുവില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് കൊളംബോയില്‍ തുടങ്ങി.
ബോളിവുഡ് ഹോളിവുഡ് എന്ന ചിത്രത്തിന് ശേഷം ദീപാ മേത്ത സംവിധാനം ചെയ്യുന്ന ചിത്രമാണ് റിവര്‍മൂണ്‍. ജോണ്‍ എബ്രഹാമും ലിസാറായ്യുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോളിവുഡ് ഹോളിവുഡ് എന്ന ചിത്രത്തിലും ലിസാറായ് അഭിനയിച്ചിരുന്നു.
കരീനാ കപൂറിനെയും രാഹുല്‍ ഖന്നയെയുമാണ് ആദ്യം ചിത്രത്തിലെ നായികാനായകന്‍മാരാക്കാന്‍ ദീപാ മേത്ത തീരുമാനിച്ചിരുന്നത്. എന്നാല്‍ ഡേറ്റ് പ്രശ്നം മൂലം കരീനയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കേണ്ടിവന്നു. രാഹുല്‍ഖന്ന ചിത്രത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു.
ചിത്രത്തിലെ പുരുഷകഥാപാത്രത്തെ അവതരിപ്പിക്കാന്‍ മുംബൈയില്‍ ദീപാ മേത്ത നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജോണ്‍ എബ്രഹാമിനെ നായകനാക്കാന്‍ തീരുമാനിച്ചത്. സ്ത്രീകഥാപാത്ര പ്രധാനമായ ചിത്രത്തിലെ നായികയുടെ മുഖം ദീപാ മേത്ത പല നടികള്‍ക്കിടയിലും തിരഞ്ഞു. കരീന ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് ഉറപ്പായതോടെ റാണി മുക്കര്‍ജിയും റീമ സെന്നും ഉള്‍പ്പെടെ പലരെയും പരിഗണിച്ചു. ഒടുവില്‍ തന്റെ മുന്‍ചിത്രത്തിലെ നായികനടിക്ക് ഈ ചിത്രത്തിലെ നായികയുടെ വേഷവും ചേരുമെന്ന തീരുമാനത്തിലെത്തുകയായിരുന്നു ദീപാ മേത്ത.
അന്തര്‍ദേശീയസിനിമാപ്രേക്ഷകരെ ലക്ഷ്യമിട്ട് ഇംഗ്ലീഷിലൊരുക്കുന്ന ഈ ചിത്രം വിശ്വസിനിമാരംഗത്തെ തന്റെ ആദ്യവിജയചിത്രമാവുമെന്ന പ്രതീക്ഷയിലാണ് ജോണ്‍ എബ്രഹാം.


Click it and Unblock the Notifications