നാട്ടുരാജാവ് ജൂണ്‍ രണ്ടിന് തുടങ്ങുന്നു
നാട്ടുരാജാവ് ജൂണ്‍ രണ്ടിന് തുടങ്ങുന്നു
മെയ് 31, 2004
ഷാജി കൈലാസ്-മോഹന്‍ലാല്‍ ചിത്രമായ നാട്ടുരാജാവിന്റെ ചിത്രീകരണം ജൂണ്‍ രണ്ടിന് കോഴിക്കോട്ട് തുടങ്ങും. വിഷുചിത്രമായ വിസ്മയത്തുമ്പത്തിന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രമാണ് നാട്ടുരാജാവ്.
അമ്മയും ഫിലിം ചേംബറും തമ്മിലുള്ള പോര് രൂക്ഷമായി തുടരുകയാണെങ്കിലും അത് തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനെ ബാധിക്കാതെ മുന്നോട്ടുപോവാനാണ് അമ്മയുടെ ജനറല്‍ സെക്രട്ടറി കൂടിയായ മോഹന്‍ലാലിന്റെ നീക്കം. ഗള്‍ഫ് ഷോയ്ക്ക് ശേഷം തിരിച്ചെത്തിയ മോഹന്‍ലാല്‍ ചേംബറുമായുള്ള തര്‍ക്കം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളില്‍ മുഴുകും. ചേംബറുമായുള്ള ചര്‍ച്ചകള്‍ വിഫലമാവുകയാണെങ്കില്‍ സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബറില്‍ രജിസ്റര്‍ ചെയ്ത് പുതിയ ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തിയാക്കാനാണ് മോഹന്‍ലാലിന്റെ പദ്ധതി.
ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നതെങ്കിലും ചിത്രത്തിന് പണമിറക്കുന്നത് മോഹന്‍ലാല്‍ തന്നെയാണ്. ഓണത്തിന് അരോമ മൂവീസ് ചിത്രം തിയേറ്ററുകളിലെത്തിക്കും.
ഏപ്രില്‍-മെയില്‍ നാട്ടുരാജാവിന്റെ ചിത്രീകരണം തുടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ സിനിമാപ്രതിസന്ധി മൂലം ഇത് ജൂണിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. മഴക്കാലമായതിനാല്‍ ചിത്രത്തിന്റെ ലൊക്കേഷനും മാറ്റേണ്ടിവന്നു.
തന്റെ തമിഴ്-തെലുങ്ക് ചിത്രങ്ങള്‍ മാറ്റിവച്ചാണ് ഷാജി കൈലാസ് മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. നാട്ടുരാജാവ് പൂര്‍ത്തിയാക്കിയതിന് ശേഷം ഷാജി മമ്മൂട്ടി ചിത്രമായ ബ്രാന്റ് ബ്രഹ്മാനന്ദന്റെ ജോലികള്‍ ആരംഭിക്കും.
പുലിക്കാട്ടില്‍ ചാര്‍ലി എന്ന കഥാപാത്ത്രതെയാണ് മോഹന്‍ലാല്‍ നാട്ടുരാജാവില്‍ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായ ബാലേട്ടന്റെ തിരക്കഥാകൃത്ത് ടി. എ. ഷാഹിദാണ് നാട്ടുരാജാവിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
മീനയാണ് ചിത്രത്തിലെ നായിക. വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ച നയന്‍താര ഈ ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരിയായി അഭിനയിക്കുന്നു. സായ്കുമാര്‍, ജഗതി ശ്രീകുമാര്‍, വിജയരാഘവന്‍, കലാഭവന്‍ മണി, ജഗദീഷ്, റിയാസ്ഖാന്‍, കോട്ടയം നസീര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖതാരങ്ങള്‍.


Click it and Unblock the Notifications