അമ്മ-ചേംബര്‍ സംയുക്ത പ്രഖ്യാപനം വ്യാഴാഴ്ച
അമ്മ-ചേംബര്‍ സംയുക്ത പ്രഖ്യാപനം വ്യാഴാഴ്ച
ജൂണ്‍ 02, 2004
കൊച്ചി: മലയാള ചലച്ചിത്ര രംഗത്ത് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് അവസാന പരിഹാരം ജൂണ്‍ മൂന്ന് വ്യാഴാഴ്ച ഉണ്ടാവുമെന്ന് കരുതുന്നു.
ചലച്ചിത്ര താരങ്ങളും നിര്‍മ്മാതാക്കളുമായി കഴിഞ്ഞ മൂന്ന് മാസമായി തര്‍ക്കവും ശീത സമരവും നടക്കുകയാണ്. ഇതിന് അവസാനം കുറിച്ചുകൊണ്ട് വ്യാഴാഴ്ച കേരള ഫിലിം ചേംബറും താര സംഘടനയായ അമ്മ യും വ്യാഴാഴ്ച സംയുക്ത പ്രഖ്യാപനം നടത്തുമെന്നാണ് കരുതുന്നത്. സംയുക്ത പ്രഖ്യാപനത്തിന്റെ പിറ്റേന്ന് അമ്മ ജനറല്‍ സെക്രട്ടറികൂടിയായ മോഹന്‍ലാലിന്റെ പുതിയ ചിത്രം നാട്ടുരാജാവി ന്റെ ചിത്രീകരണവും തുടങ്ങുമെന്നാണ് കരുതുന്നത്.
ഫിലിം ചേംബറിന്റെ അച്ചടക്കസമിതി യോഗം വ്യാഴാഴ്ച രാവിലെ ചേരുന്നുണ്ട്. പ്രശ്നപരിഹാരം സംബന്ധിച്ച് അമ്മ ഭാരവാഹികളുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നടത്തിയ തിങ്കളാഴ്ചത്തെ ചര്‍ച്ചയിലുണ്ടായ ധാരണ യോഗം പരിഗണിക്കും. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ യോഗത്തില്‍ തന്നെ തീരുമാനങ്ങള്‍ ആയതായാണ് അറിയുന്നത്. അതുകൊണ്ട് തന്നെ ഫിലിം ചേമ്പറിന്റെ യോഗം നാമമാത്രമായിരിയ്ക്കും. തിങ്കളാഴ്ച രാത്രിതന്നെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നേതാക്കളുമായി സംസാരിച്ചശേഷം ചേംബര്‍ പ്രസിഡണ്ട് സിയാദ് കോക്കര്‍ താര സംഘടനയുടെ ഭാരവാഹികളെ വിളിച്ച് ധാരണ സംബന്ധിച്ച് ചേംബറിന്റെ അനുകൂല നിലപാടറിയിച്ചിരുന്നു. അച്ചടക്കസമിതി യോഗത്തിനുശേഷം ഉച്ചയ്ക്ക് മൂന്നിന് ചേംബര്‍ ഭാരവാഹികളും അമ്മ ഭാരവാഹികളും സംയുക്ത വാര്‍ത്താ സമ്മേളനം നടത്തുമെന്നാണ് കരുതുന്നത്.
കേരള ഫിലിം ചേംബര്‍ മുന്നോട്ടുവച്ച കരാറില്‍ മൂന്ന് വ്യവസ്ഥകള്‍ സംബന്ധിച്ചായിരുന്നു പ്രധാന തര്‍ക്കം. ഇത് സംബന്ധിച്ച് ധാരണയായതായി ഇരുപക്ഷവും വ്യക്തമാക്കി.
താരനിശകളില്‍ പങ്കെടുക്കുന്നതിന് അനുമതി തേടണമെന്ന വ്യവസ്ഥയ്ക്കുപകരം ഇക്കാര്യം അമ്മയെ അറിയിക്കണമെന്നും അമ്മ അത് ചേമ്പറിനെ അറിയിക്കുമെന്നുമാക്കി വ്യവസ്ഥ മാറ്റി. ചിത്രം റിലീസ്ചെയ്തശേഷമേ അടുത്ത ചിത്രത്തില്‍ അഭിനയിക്കാവൂ എന്ന വ്യവസ്ഥ ഷൂട്ടിങ്ങ് തീര്‍ന്നശേഷം എന്നായും മാറ്റി. തര്‍ക്കങ്ങളില്‍ പരിഹാരം നിര്‍ദ്ദേശിയ്ക്കാനുള്ള അധികാരം ചേംബറിനു നല്‍കുന്ന വ്യവസ്ഥയാണ് മാറ്റിയ മറ്റൊന്ന്. ഇതനുസരിച്ച് ആദ്യം സെറ്റില്‍വച്ച് നിര്‍മാതാവും സംവിധായകനും താരവും തമ്മിലും പിന്നീട് അമ്മ, മാക്ട, നിര്‍മാതാക്കളുടെ അസോസിയേഷന്‍ എന്നിവയുടെ ഭാരവാഹികള്‍ തമ്മിലും പരിഹാരത്തിനു ശ്രമിക്കും. ഇവിടെയും തര്‍ക്കം തീര്‍ന്നില്ലെങ്കില്‍ പ്രശ്നം ചേംബറിനു വിടും. ചേംബറിന്റെ തീരുമാനത്തില്‍ വിയോജിപ്പുള്ളവര്‍ക്ക് കോടതിയെ സമീപിക്കാനും കഴിയും.
തിങ്കളാഴ്ച രാത്രിതന്നെ അമ്മയുടെ നിര്‍വാഹകസമിതിയോഗം ചേര്‍ന്ന് ധാരണസംബന്ധിച്ച് അംഗീകാരം നല്‍കിയിരുന്നു. പ്രശ്നം പരിഹരിക്കപ്പെട്ടതോടെയാണ് ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന നാട്ടുരാജാവ് വെള്ളിയാഴ്ച മുതല്‍ തുടങ്ങാന്‍ മോഹന്‍ലാലും സംഘവും തീരുമാനിച്ചത്. ഷാജി കൈലാസ് സംവിധാനംചെയ്യുന്ന ഈ ചിത്രം തുടങ്ങുന്നതിന് ചേംബറിനെ നേരത്തെ സമീപിച്ചെങ്കിലും പ്രശ്നങ്ങള്‍ കാരണം ചേമ്പറിന്റെ അനുമതി കിട്ടിയില്ല.


Click it and Unblock the Notifications