ഷക്കീല ആത്മകഥ എഴുതുന്നു
ഷക്കീല ആത്മകഥ എഴുതുന്നു
ജൂണ്‍ 1, 2005
മലയാളത്തില്‍ ഗ്ലാമര്‍ സിനിമാ തരംഗത്തിന് തിരി കൊളുത്തിയ ഷക്കീല ആത്മകഥ എഴുതുന്നു. സിനിമാ ലോകത്തെ തന്റെ അനുഭവങ്ങള്‍ വിവരിക്കുന്ന ആത്മകഥയില്‍ പല പ്രഗത്ഭരുടെയും മുഖംമൂടി വലിച്ചുകീറുമെന്നാണ് ഷക്കീല അവകാശപ്പെടുന്നത്.
മലയാള സിനിമയില്‍ നിന്ന് ചിലര്‍ തന്നെ പുകച്ചുപുറത്തുചാടിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തതെന്നും തന്നോട് കാട്ടിയ അനീതി ആത്മകഥയില്‍ തുറന്നുകാട്ടുമെന്നും ഷക്കീല പറയുന്നു.
മലയാളത്തില്‍ സജീവമായിരുന്നപ്പോള്‍ താനുമായി സൗഹൃദം പങ്കുവയ്ക്കാന്‍ പലരും മുന്നോട്ടുവന്നു. തന്റെ ഡേറ്റിനായി പുതിയ നിര്‍മാതാക്കളും അവരുടെ സുഹൃത്തുക്കളുമെത്തി. താന്‍ അഭിനയിച്ച സിനിമകള്‍ അവര്‍ക്ക് വന്‍ലാഭമാണ് ഉണ്ടാക്കിക്കൊടുത്തത്. വളരെ ചെലവ് കുറച്ചാണ് താന്‍ അഭിനയിക്കുന്ന സിനിമകള്‍ നിര്‍മിച്ചിരുന്നത്. അതുകൊണ്ടുതന്നെ തന്റെ സിനിമകളിലൂടെ നിര്‍മാതാക്കള്‍ക്ക് വലിയ സാമ്പത്തികലാഭമുണ്ടാക്കാനായി. മലയാള സിനിമയില്‍ ഇത്തരമൊരു സ്ഥാനം ഉണ്ടാക്കിയ തന്നെ ചില മാന്യന്‍മാര്‍ അപവാദ പ്രചാരണം നടത്തി പുകച്ചു പുറത്തുചാടിക്കാനാണ് ശ്രമിച്ചത്. തനിക്ക് നേരിടേണ്ടിവന്ന ഇത്തരം ദുരനുഭവങ്ങളായിരിക്കും ആത്മകഥയില്‍ വിവരിക്കുന്നത്- ഷക്കീല പറയുന്നു.
മന്ത്രിമാരും രാഷ്ട്രീയനേതാക്കളുമടക്കം പല വിഐപികളുടെയും യഥാര്‍ഥമുഖം ആത്മകഥയില്‍ താന്‍ തുറന്നുകാട്ടുമെന്നാണ് ഷക്കീല പറയുന്നത്. ഷക്കീലയുടെ ഈ വെളിപ്പെടുത്തല്‍ സിനിമാലോകത്തും പുറത്തും ഓളമുണ്ടാക്കിയിട്ടുണ്ട്.
സൂപ്പര്‍താര ചിത്രങ്ങള്‍ പോലും പരാജയപ്പെടുന്ന സമയത്ത് ലാഭമുണ്ടാക്കിയെടുത്ത ഗ്ലാമര്‍ സിനിമകളിലൂടെയാണ് ഷക്കീല മലയാളത്തില്‍ പേരെടുത്തത്. മലയാളത്തിലുണ്ടായ ഷക്കീല തരംഗത്തില്‍ ഒട്ടനവധി സിനിമകളാണ് ജന്മം കൊണ്ടത്. വര്‍ഷത്തില്‍ ഇരുപത്തഞ്ചും മുപ്പതും സിനിമകള്‍ ഷക്കീല തരംഗത്തിന്റെ ചുവടുപിടിച്ച് പ്രദര്‍ശനശാലകളിലെത്തി. മലയാള സിനിമയെന്നാല്‍ ഷക്കീല സിനിമയെന്ന് അന്യഭാഷകളില്‍ മലയാളത്തിന് ദുഷ്പേര് വീണുകിട്ടി. ഇതോടെ ഷക്കീലയ്ക്കെതിരെ മലയാളത്തിലെ ചില പ്രമുഖര്‍ കരുനീക്കം നടത്തിയതായി വാര്‍ത്തയുണ്ടായിരുന്നു. ആ വാര്‍ത്തയുടെ നിജസ്ഥിതി എന്തുതന്നെയായാലും ഷക്കീലക്ക് താമസിയാതെ മലയാളത്തില്‍ നിന്ന് കളമൊഴിയേണ്ടിവന്നു. പതുക്കെ ഷക്കീല തരംഗവും മലയാളത്തില്‍ ഇല്ലാതായി.
ഇപ്പോള്‍ ഗ്ലാമര്‍ സിനിമകളില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുന്ന ഷക്കീല തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ കുടുംബിനിയായും തമാശ റോളിലുമാണ് വേഷമിടുന്നത്. ഈയിടെ അഭയതീരം എന്ന മലയാള ചിത്രത്തില്‍ ഷക്കീല കന്യാസ്ത്രീയായി വേഷമിട്ടിരുന്നു.


Click it and Unblock the Notifications