നേരറിയാന്‍ സിബിഐ വീണ്ടും
നേരറിയാന്‍ സിബിഐ വീണ്ടും
ജൂണ്‍ 3, 2005
കുറ്റാന്വേഷണത്തിന്റെ പുതിയ വഴികള്‍ കാട്ടി പ്രേക്ഷകരെ ആകാംക്ഷയുടെ കുന്തമുനയില്‍ നിര്‍ത്താന്‍ സിബിഐ സിനിമാ പരമ്പരയിലെ നാലാമത്തെ ചിത്രമെത്തുന്നു. മമ്മൂട്ടി വീണ്ടും കുറ്റാന്വേഷകനായ സിബിഐ ഓഫീസര്‍ സേതുരാമയ്യരായി പ്രത്യക്ഷപ്പെടുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ തുടങ്ങി.
നേരറിയാന്‍ സിബിഐ എന്നാണ് പുതിയ സിബിഐ ചിത്രത്തിനു പേരിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റായിരുന്ന സേതുരാമയ്യര്‍ സിബിഐക്കു ശേഷം കെ. മധു-എസ്. എന്‍. സ്വാമി-മമ്മൂട്ടി ടീം ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്.
പുതിയ സിബിഐ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചതോടെ ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി ഒരു ചിത്രത്തിന് നാലാം ഭാഗമൊരുക്കുക എന്ന അപൂര്‍വനേട്ടമാണ് ഈ ടീമിനെ തേടിയെത്തുന്നത്. 18 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ഒരു ചിത്രത്തിനു നാലാം ഭാഗമൊരുക്കുക എന്നത് ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത സംഭവമാണ്.
സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ എന്നിവയാണ് നേരറിയാന്‍ സിബിഐയുടെ മുന്‍ഭാഗങ്ങള്‍. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സേതുരാമയ്യര്‍ സിബിഐ വന്‍വിജയമായതോടെയാണ് വീണ്ടും മറ്റൊരു സിബിഐ ചിത്രമൊരുക്കാന്‍ കെ. മധു-എസ്. എന്‍. സ്വാമി-മമ്മൂട്ടി ടീം പദ്ധതിയൊരുക്കിയത്.
മുന്‍ സിബിഐ ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ സഹായികളായ പൊലീസുദ്യോഗസ്ഥരായി അഭിനയിച്ച മുകേഷും ജഗതി ശ്രീകുമാറും നാലാമത്തെ സിബിഐ ചിത്രത്തിലുമുണ്ട്. നായികയായി വേഷമിടുന്നത് ഗോപികയാണ്. വേഷത്തിനു ശേഷം ഗോപിക മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്ന ചിത്രമാണിത്. തിലകന്‍, നെടുമുടി വേണു എന്നിവരും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
മുന്‍ സിബിഐ ചിത്രങ്ങള്‍ക്ക് പശ്ചാത്തലസംഗീതം പകര്‍ന്ന ശ്യാം തന്നെയാണ് പുതിയ ചിത്രത്തിനും സംഗീതം നല്‍കുന്നത്. മുന്‍ സിബിഐ ചിത്രങ്ങളിലേതു പോലെ ഈ ചിത്രത്തിലും ഗാനങ്ങളുണ്ടാവില്ല. സാലു ജോര്‍ജാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
കമല്‍ സംവിധാനം ചെയ്ത രാപ്പകലിനു ശേഷം മമ്മൂട്ടി അഭിനയിക്കുന്ന നേരറിയാന്‍ സിബിഐ ഓണത്തിന് പ്രദര്‍ശനത്തിനെത്തും.


Click it and Unblock the Notifications