ദിവ്യാ ഉണ്ണിയുടെ വിവാഹം ബുധനാഴ്ച
ദിവ്യാ ഉണ്ണിയുടെ വിവാഹം ബുധനാഴ്ച
ജൂണ്‍ 04, 2002
കൊച്ചി: ചലച്ചിത്ര നടി ദിവ്യാ ഉണ്ണി ജൂണ്‍ അഞ്ച് ബുധനാഴ്ച വിവാഹിതയാവുന്നു. അമേരിക്കയില്‍ ഡോക്ടറായ ചേര്‍ത്തല സ്വദേശി സുധീര്‍ ശേഖരന്‍ ആണ് വരന്‍.
എറണാകുളം ടി ഡി എം ഹാളില്‍ വെച്ചാണ് വിവാഹം. മുഹൂര്‍ത്തം രാവിലെ 11.30നും 12നും ഇടയ്ക്ക്.
തമിഴ്-മലയാള സിനിമാ രംഗത്തെ പ്രമുഖര്‍ വിവാഹത്തിന് എത്തുമെന്നതിനാല്‍ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ടി ഡി എം ഹാളിന്റെ പരിസരത്ത് ഏര്‍പ്പെടുത്തുന്നത്.
വിനയന്റെ കല്യാണസൗഗന്ധികം എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയ ദിവ്യാ ഉണ്ണി ഒട്ടേറെ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചിട്ടുണ്ട്. വര്‍ണപകിട്ട്, ഉസ്താദ്, ഒരു മറവത്തൂര്‍ കനവ് എന്നീ ചിത്രങ്ങളില്‍ സൂപ്പര്‍ താരങ്ങളുടെ നായികയായി അഭിനയിച്ച ദിവ്യാ ഉണ്ണിയുടെ ശ്രദ്ധേയമായ ചിത്രങ്ങളാണ് പ്രണയവര്‍ണങ്ങള്‍, ചുരം തുടങ്ങിയവ. തമിഴ്,കന്നട,തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
വിവാഹത്തിന് ശേഷും അഭിനയം തുടരുമെന്ന് ദിവ്യ നേരത്തെ പറഞ്ഞിരുന്നു.


Click it and Unblock the Notifications