ലാലിന്റെ മുള്ളന്‍കൊല്ലി വേലായുധന്‍
ലാലിന്റെ മുള്ളന്‍കൊല്ലി വേലായുധന്‍
ജൂണ്‍ 4, 2005
നരനില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന മുള്ളന്‍കൊല്ലി വേലായുധന്‍ എന്ന കഥാപാത്രത്തിന് ഗായത്രി അശോകന്‍ രേഖാചിത്രത്തിലൂടെ ജീവന്‍ നല്‍കിയപ്പോള്‍ അസാധാരണമായ ഒരു കഥാപാത്രത്തിന്റെ രൂപഭാവങ്ങള്‍ തെളിഞ്ഞു.
പൂച്ചക്കണ്ണ്, ചുരുണ്ട മുടി, പിരിച്ചു വച്ച മീശ, കുറ്റിത്താടി, കവിളില്‍ മുറിവിന്റെ പാട്, കഴുത്തില്‍ മാലയില്‍ കോര്‍ത്തൊരു വെടിയുണ്ട. പ്രേക്ഷകര്‍ മനസിലേറ്റാനിടയുള്ള ശക്തമായ മറ്റൊരു മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ രൂപഭാവങ്ങളാണ് ഗായത്രി അശോകന്റെ സ്കെച്ചില്‍ തെളിഞ്ഞത്.
നരന്റെ തിരക്കഥാകൃത്ത് രഞ്ജന്‍ പ്രമോദിന്റെയും സംവിധായകന്‍ ജോഷിയുടെയും വാക്കുകളില്‍ തെളിഞ്ഞ കഥാപാത്രത്തെ ഗായത്രി അശോകന്‍ രേഖകളിലേക്ക് പകര്‍ത്തുകയായിരുന്നു. ഗായത്രി അശോകന്റെ രേഖാചിത്രം കണ്ടപ്പോള്‍ തന്നെ മോഹന്‍ലാല്‍ തന്റെ കഥാപാത്രത്തിന്റെ സാധ്യതകളറിഞ്ഞുള്ള ആവേശത്തിലായി.
ഭദ്രന്‍ സംവിധാനം ചെയ്യുന്ന ഉടയോനില്‍ എഴുപത്തിമൂന്നുകാരനായ വൃദ്ധനായി പ്രത്യക്ഷപ്പെട്ട മോഹന്‍ലാലിന്റെ മറ്റൊരു അസാധാരണ വേഷപ്പകര്‍ച്ചയാണ് നരനില്‍ കാണാനാവുക. മുള്ളന്‍കൊല്ലി എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന തീവ്രമായ ചില ബന്ധങ്ങളുടെ കഥയാണ് നരന്‍ പറയുന്നത്.
മീശമാധവന്‍, മനസ്സിനക്കരെ, അച്ചുവിന്റെ അമ്മ എന്നീ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ രഞ്ജന്‍പ്രമോദ് മോഹന്‍ലാലിന് വേണ്ടി തിരക്കഥയെഴുതുന്ന ആദ്യചിത്രമാണ് നരന്‍. ഓണത്തിന് തിയേറ്ററുകളിലെത്തുന്ന ഈ ചിത്രത്തില്‍ മോഹന്‍ലാലിന് ഏറെ പ്രതീക്ഷകളാണുള്ളത്.


Click it and Unblock the Notifications