ശ്രീനിവാസന്‍ വീണ്ടും നായകനാവുന്നു
ശ്രീനിവാസന്‍ വീണ്ടും നായകനാവുന്നു
ജൂണ്‍ 5, 2006
ചിതറിയവര്‍ എന്ന ചിത്രത്തിനു ശേഷം ശ്രീനിവാസന്‍ വീണ്ടും നായകവേഷമണിയുന്നു. വി.എം.വിനു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ശ്രീനിവാസന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
പ്രമുഖ നിര്‍മാതാക്കളായ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി.വി.ഗംഗാധരനാണ് ചിത്രം നിര്‍മിക്കുന്നത്. അച്ചുവിന്റെ അമ്മയ്ക്കു ശേഷം ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രമാണിത്.
നീതിക്കായി പോരാടുന്ന രവിശങ്കര്‍ എന്ന ജൂനിയര്‍ അഭിഭാഷകന്റെ വേഷമാണ് ശ്രീനിക്ക്. പത്മപ്രിയയാണ് നായിക. സ്ത്രീകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന മായ എന്ന സാമൂഹ്യപ്രവര്‍ത്തകയാണ് പത്മപ്രിയ അഭിനയിക്കുന്നത്. രവിശങ്കര്‍ ഏറ്റെടുത്ത ഒരു കേസിനെ തുടര്‍ന്ന് അയാള്‍ മായയെ കണ്ടുമുട്ടുന്നു. അയാളുടെ ജീവിതത്തെ തന്നെ മാറ്റിമിറിക്കുന്ന ഒരു സംഭവമായിരുന്നു അത്.
ജഗതി ശ്രീകുമാര്‍, സായികുമാര്‍, ഇന്നസെന്റ്, ബിന്ദു പണിക്കര്‍, കലാശാല ബാബു, ഹരിശ്രീ അശോകന്‍, ശ്രീരാമന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ടി.ദാമോദരനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ ഗാനങ്ങള്‍ക്ക് ബാലഭാസ്കര്‍ സംഗീതം പകരുന്നു. ഛായാഗ്രഹണം ഷാജി.


Click it and Unblock the Notifications