മമ്മൂട്ടിയുടെ ഗോപി വക്കീല്‍
മമ്മൂട്ടിയുടെ ഗോപി വക്കീല്‍
ജൂണ്‍ 06, 2002
ചില അതിഥി വേഷങ്ങള്‍ നായകരേക്കാള്‍ പ്രേക്ഷക മനസില്‍ ഇടം കണ്ടെത്തിയെന്ന് വരും. സമ്മര്‍ ഇന്‍ ബത്ലഹേം കണ്ടവര്‍ക്ക് ചിത്രത്തിലെ അവസാന സീനില്‍ പ്രത്യക്ഷപ്പെടുന്ന നിരഞ്ജനെ മറക്കാനാവില്ല. ചിത്രത്തിലെ നായകര്‍ സുരേഷ് ഗോപിയും ജയറാമുമാണെങ്കിലും ചിത്രത്തിന് ടേണ്‍ നല്‍കുന്നത് ചിത്രത്തിന്റെ അവസാനത്തില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ജീവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മോഹന്‍ലാലാണ്.
അക്ഷരാര്‍ഥത്തില്‍ മോഹന്‍ലാലിന്റെ താണ്ഡവം തന്നെ നടക്കുന്ന നരസിംഹത്തിലെ നന്ദഗോപാല്‍ മാരാരും നായകനോളം പ്രാധാന്യമുള്ള ഒരു അതിഥി വേഷമാണ്. ചിത്രത്തില്‍ ഒരു നിര്‍ണായക ഘട്ടത്തില്‍ പ്രത്യക്ഷപ്പെടുന്ന അഡ്വക്കറ്റ് നന്ദഗോപമാരാരെ അവതരിപ്പിക്കുന്ന മമ്മൂട്ടി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഡയലോഗ് കസര്‍ത്ത് തന്നെ നടത്തി. കഥാഗതിയെ തിരിച്ചുവിടുന്ന ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി നരസിംഹത്തില്‍ അവതരിപ്പിച്ചത്.
ഫാസില്‍ സംവിധാനം ചെയ്യുന്ന കൈയെത്തും ദൂരത്ത് എന്ന ചിത്രത്തില്‍ ഇതുപോലൊരു അതിഥിവേഷം അവതരിപ്പിക്കുകയാണ് മമ്മൂട്ടി. ഇതിലും അഭിഭാഷക വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നത്. ചിത്രത്തിന്റെ ഗതിയെ തിരിച്ചുവിടുന്ന കഥാപാത്രമാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന ഗോപി വക്കീല്‍.
ചിത്രത്തിലെ നായക കഥാപാത്രമായ സച്ചിന്റെ സുഹൃത്തുക്കളിലൊരാളുടെ വല്യമ്മയുടെ മകനാണ് ഗോപി വക്കീല്‍. പരസ്പരം പിരിഞ്ഞുകഴിയുന്ന അമ്മയെയും അഛനെയും ഒന്നിപ്പിക്കാന്‍ ചിത്രത്തിലെ നായികാ കഥാപാത്രമായ സുഷമ സച്ചിനോടൊത്ത് ഒരു നാടകം കളിക്കുന്നു. സച്ചിനും സുഷമയും ഒളിച്ചോടുന്നു. എന്നാല്‍ വിവാഹം കഴിക്കാതെ ഇരുവരും ഒന്നിച്ചു ജീവിക്കുന്നത് പല പ്രശ്നങ്ങളുമുണ്ടാക്കി. അവര്‍ക്ക് നിയമപരമായ സംരക്ഷണം നേടികൊടുക്കുന്ന ഗോപി വക്കീല്‍ തുടര്‍ന്നുള്ള കഥാഗതിയെ തന്നെ നിയന്ത്രിക്കുന്ന കഥാപാത്രമാണ്.
വക്കീല്‍ വേഷങ്ങളില്‍ തിളങ്ങാറുള്ള മമ്മൂട്ടിക്ക് നരസിംഹത്തിലേതു പോലെ ഉജ്വലമാക്കാവുന്ന ഒരു അതിഥി വേഷമാണ് ഗോപി വക്കീല്‍.
ചിത്രത്തില്‍ സച്ചിനെ അവതരിപ്പിക്കുന്നത് ഷാനുവും സുഷമയെ അവതരിപ്പിക്കുന്നത് നിഖിതയുമാണ്.


Click it and Unblock the Notifications