ചന്തു വീണ്ടുമെത്തുന്നു
ചന്തു വീണ്ടുമെത്തുന്നു
ജൂണ്‍ 6, 2006
ഒരു വടക്കന്‍ വീരഗാഥയ്ക്കു തുടര്‍ഭാഗം ഒരുക്കാനുള്ള പ്രൊജക്ടിന് ഒടുവില്‍ അന്തിമരൂപമായി. ഡിസംബറില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
പയ്യംവെള്ളി ചന്തു എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ മമ്മൂട്ടിയും സംവിധായകന്‍ ഹരിഹരനും തിരക്കഥാകൃത്ത് എം.ടി.വാസുദേവന്‍ നായരും വീണ്ടും ഒന്നിക്കുകയാണ്. നീണ്ട ഇടവേളക്കു ശേഷമാണ് എം.ടി ഒരു ചിത്രത്തിനായി തിരക്കഥ രചിക്കുന്നത്.
എം.ടി എഴുതിയ ഏറ്റവും മികച്ച തിരക്കഥകളിലൊന്നായിരുന്നു ഒരു വടക്കന്‍ വീരഗാഥ. ഈ ചിത്രത്തിലെയും മതിലുകളിലെയും അഭിനയത്തിനാണ് മമ്മൂട്ടിക്ക് ആദ്യമായി മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത്.
ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്. ഷാഫി സംവിധാനം ചെയ്യുന്ന മായാവിക്കു ശേഷം പയ്യംവെള്ളി ചന്തുവിന്റെ ചിത്രീകരണത്തിനായി ഒന്നിച്ച് 100 ദിവസമാണ് മമ്മൂട്ടി നല്‍കിയിരിക്കുന്നത്.
2007 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലായി ചിത്രം റിലീസ് ചെയ്യും. സ്വര്‍ഗചിത്രയാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
പതിവ് മസാല ചിത്രങ്ങളോടു മാത്രം ഈയിടെയായി താത്പര്യം കാണിക്കുന്ന മമ്മൂട്ടിക്ക് അത്തരം സിനിമകളില്‍ നിന്നുള്ള ഒരു മാറ്റമായിരിക്കും പയ്യംവെള്ളി ചന്തു. മമ്മൂട്ടി അവതരിപ്പിച്ച ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായ പയ്യംവെള്ളി ചന്തു വീണ്ടും സ്ക്രീനിലെത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് അത് മറ്റൊരു അവിസ്മരണീയമായ അനുഭവമായേക്കും.


Click it and Unblock the Notifications