സ്വപ്ന സിനിമയുമായി മധു അമ്പാട്ട്
സ്വപ്ന സിനിമയുമായി മധു അമ്പാട്ട്
ജൂണ്‍ 07, 2003
ഒട്ടേറെ കമേഴ്സ്യല്‍ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ള മധു അമ്പാട്ട് സ്വന്തം സ്വപ്നസിനിമയുമായി എത്തുന്നു. 1:1:6- ഏന്‍ ഓഡ് ടു ലവ് സ്റോറി എന്നതാണ് മധു അമ്പാട്ടൊരുക്കുന്ന ഇംഗ്ലീഷ് സിനിമയുടെ പേര്. ഇതോടെ ആദ്യമായി സംവിധായകന്റെ വേഷമണിയുകയാണ് മധു അമ്പാട്ട്.
മധു അമ്പാട്ട് തന്നെ 20 വര്‍ഷം മുമ്പെഴുതിയ ഇംഗ്ലീഷ് ചെറുകഥയില്‍ നിന്നാണ് ഏന്‍ ഓഡ് ടു ലോസ്റ് ലവ് എന്ന ചിത്രത്തിന്റെ തിരക്കഥ പിറക്കുന്നത്. പലപ്പോഴും നഷ്ടപ്രണയത്തിന്റെ കഥ പറയുന്ന ഈ ചെറുകഥ തിരക്കഥയാക്കാന്‍ മധു ശ്രമിച്ചിരുന്നു. പക്ഷെ മറ്റ് ജോലിത്തിരക്കുകള്‍ അതിന് അനുവദിച്ചില്ല.
ചിത്രം കന്നടയില്‍ നിര്‍മ്മിക്കാനായിരുന്നു ആദ്യം മധു ആഗ്രഹിച്ചത്. എന്നാല്‍ പിന്നീട് ഇംഗ്ലീഷില്‍ തന്നെ സിനിമയെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഈ സിനിമയിലെ കഥാപാത്രങ്ങള്‍. പക്ഷെ എല്ലാവരും ഇംഗ്ലീഷ് സംസാരിക്കുന്നവരാണ്.
110 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിന്റെ കലാസംവിധാനം നിര്‍വഹിക്കുന്നത് കൃഷ്ണമൂര്‍ത്തിയാണ്. ഐസക് തോമസ് പശ്ചാത്തലസംഗീതം നല്കുന്നു. കര്‍ണ്ണാടകത്തിലെ ഗോകര്‍ണ്ണം ബീച്ചിലാണ് ഷൂട്ടിംഗ് നടക്കുന്നത്. ഇത് ഒരിയ്ക്കലും വിരസമായ ഒരു ചിത്രമായിരിക്കില്ലെന്ന് മാത്രം പറയാന്‍ മധു അമ്പാട്ട് ആഗ്രഹിയ്ക്കുന്നു.
ഈ ചിത്രത്തിലേക്ക് തനിക്ക് ഇഷ്ടപ്പെട്ട അഭിനേതാക്കളുടെ ഒരു സംഘത്തെ കിട്ടിയെന്ന് മധു പറയുന്നു. പ്രഭോദ് ദാസ് ഗുപ്ത, അതുല്‍ കുല്‍ക്കര്‍ണി, രതി അഗ്നിഹോത്രി, മസൂമി, സൊണാലി കുല്‍ക്കര്‍ണി എന്നിവരാണ് ഈ ചിത്രത്തില്‍ വേഷമിടുന്നത്.
വാസ്തവത്തില്‍ സിനിമയ്ക്കുള്ളിലെ സിനിമയാണിത്. ഇതില്‍ അതുല്‍കുല്‍ക്കര്‍ണി കേരളത്തില്‍ നിന്നുള്ള ഒരു ക്യാമറാമാന്റെ റോളിലാണ് പ്രത്യക്ഷപ്പെടുന്നത്.
സംവിധാനം ഒരു മുഴുസമയ തൊഴിലാക്കാന്‍ മധു ആഗ്രഹിക്കുന്നില്ല. ഇടയ്ക്ക് ഒരു സിനിമ സംവിധാനം ചെയ്യുന്നത് ഒരു ഹോബിയായി മാത്രം കാണാന്‍ മധു ഇഷ്ടപ്പെടുന്നു.
ക്യാമറാമാന്‍ എന്ന നിലയില്‍ മധുവിന് സമ്പന്നമായ സിനിമാനുഭവം ഉണ്ട്. ജി.വി. അയ്യര്‍, കെ.ആര്‍. മോഹനന്‍, ലെനിന്‍ രാജേന്ദ്രന്‍, കെ.എസ്. സേതുമാധവന്‍, മണി രത്നം, ഭരതന്‍, ഗിരീഷ് കാസറവള്ളി, പ്രേമ കാരന്ത് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ക്ക് വേണ്ടി മധു ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ആദ്യമായി ഒരു ഹോളിവുഡ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള ക്യാമറാമാന്‍ കൂടിയാണ് മധു. മനോജ് നൈറ്റ് ശ്യാമളന്റെ വൈഡ് എവേക്ക് എന്ന ഈ ഹോളിവുഡ്ചിത്രത്തിന്റെ ഷൂട്ടിംഗ് മുഴുവന്‍ യുഎസിലായിരുന്നു.
1973ല്‍ പൂന ഫിലിം ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്നും സ്വര്‍ണ്ണമെഡലോടെയാണ് മധു പുറത്തിറങ്ങിയത്. ആദ്യമായി മധു ഒരു ചിത്രം സംവിധാനം ചെയ്യുന്നത് പൂനയിലെ കാമ്പസിലെ മരത്തണലിലാണ്. വിദ്യാര്‍ത്ഥിയായിരിക്കെ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ പേര് മുഹറത്ത്.


Click it and Unblock the Notifications