ചക്രത്തിന് പകരം ശ്രീചക്രവുമായി ലോഹി
ചക്രത്തിന് പകരം ശ്രീചക്രവുമായി ലോഹി
ജൂണ്‍ 08, 2003
ഇടയ്ക്കുവച്ചു നിലച്ചുപോയ ചക്രവുമായി ലോഹിതദാസ് വീണ്ടുമെത്തുന്നു. ഇത്തവണ കമലും മോഹന്‍ലാലും ചക്രം പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തോടൊപ്പമുണ്ടാവില്ല.
ലോഹിതദാസ് തിരക്കഥയെഴുതി കമല്‍ സംവിധാനം ചെയ്ത മോഹന്‍ലാലിനെ നായകനാക്കിയുള്ള ചിത്രം ചിത്രീകരണം തുടങ്ങിയ ശേഷം മുടങ്ങിപ്പോവുകയായിരുന്നു. ദിലീപും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ടായിരുന്നു. സംവിധായകനും തിരക്കഥാകൃത്തുമായുള്ള ഉരസലാണെന്നും സൂപ്പര്‍താര ഇമേജിനൊപ്പിച്ച് തിരക്കഥയെഴുതാന്‍ ലോഹി വിസമ്മതിച്ചതാണെന്നുമൊക്കെയാണ് ചക്രം മുടങ്ങിയതിനെ പറ്റി കേട്ടത്.
ലോഹിതദാസ് പഴയ കഥയുമായി വീണ്ടുമെത്തിയപ്പോള്‍ ചക്രത്തിന്റെ പേരുമാറ്റി ശ്രീചക്രം എന്നാക്കിയിട്ടുണ്ട്. ലോഹി തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതും. കസ്തൂരിമാനിനു ശേഷം ലോഹി ഒരുക്കുന്ന ചിത്രമാണിത്.
മോഹന്‍ലാലും ദിലീപും അവതരിപ്പിക്കേണ്ടിയിരുന്ന കഥാപാത്രങ്ങളായി പൃഥ്വിരാജും ജയസൂര്യയുമെത്തുന്നു. മീരാ ജാസ്മിനാണ് നായിക. ലോഹിയുടെ തുടര്‍ച്ചയായ മൂന്നാമത്തെ ചിത്രത്തിലാണ് മീര നായികയാവുന്നത്.
ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത് രവീന്ദ്രനാണ്.കിട്ടു അമ്മിണി ക്രിയേഷന്‍സ് ചിത്രം നിര്‍മിക്കുന്നു.


Click it and Unblock the Notifications











