സിനിമാരംഗം മറ്റൊരു പ്രതിസന്ധിയിലേക്ക്
സിനിമാരംഗം മറ്റൊരു പ്രതിസന്ധിയിലേക്ക്
ജൂണ്‍ 09, 2004
തിരുവനന്തപുരം: ജൂണ്‍ 25 മുതല്‍ നിര്‍മാണവും പ്രദര്‍ശനവും ഉള്‍പ്പെടെ സിനിമയോട് ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചുകൊണ്ട് ഫിലിം ചേംബര്‍ സമരം തുടങ്ങുന്നതോടെ സിനിമാരംഗം മറ്റൊരു പ്രതിസന്ധിയിലേക്ക് നീങ്ങും.
തിയേറ്ററുകളിലെ വൈദ്യുതി നിരക്ക് കുറയ്ക്കണമെന്നും വിനോദനികുതിയില്‍ ഇളവ് വരുത്തണമെന്നും ആവശ്യപ്പെട്ടാണ് ഫിലിം ചേംബര്‍ സമരം തുടങ്ങുന്നത്.
ചലച്ചിത്ര വ്യവസായത്തെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ യാതൊരു താത്പര്യവും പ്രകടിപ്പിക്കാത്ത സാഹചര്യത്തിലാണ് ഫിലിം ചേംബറിന് കീഴിലുള്ള വിവിധ സംഘടനകള്‍ സമരം തുടങ്ങുന്നതെന്ന് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ ചെയര്‍മാന്‍ എസ്. ചന്ദ്രന്‍ പറഞ്ഞു.
സംസ്ഥാനത്തെ തിയേറ്ററുകളുടെ എണ്ണം 1100ല്‍ നിന്ന് 750 ആയി കുറഞ്ഞിരിക്കുകയാണ്. കൂടുതല്‍ തിയേറ്ററുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. വാട്ടര്‍ തീം പാര്‍ക്കുകള്‍ക്ക് പോലും വിനോദനികുതി ഇളവ് നല്‍കാന്‍ തയ്യാറാവുന്ന സര്‍ക്കാര്‍ സിനിമാ വ്യവസായത്തെ സംരക്ഷിക്കുന്നതിന് നികുതിയില്‍ ഇളവ് വരുത്താന്‍ തയ്യാറാവുന്നില്ല.
തിയേറ്ററുകളിലെ വൈദ്യുതി നിരക്ക് കുറയ്ക്കണമെന്നും വിനോദനികുതിയില്‍ ഇളവ് വരുത്തണമെന്നുമുള്ള ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനായി മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു പാനല്‍ രൂപീകരിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ഈ പാനലിന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിഗണിച്ചില്ല.
ഈ ആവശ്യങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കുന്നതിനായി യുഡിഎഫ് സര്‍ക്കാര്‍ ഒരു നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചെങ്കിലും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ സമിതിയുടെ യോഗം നടന്നത് ഒരു തവണ മാത്രമാണ്.
സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായിരുന്ന സമയത്ത് അടൂര്‍ ഗോപാലകൃഷ്ണന്‍ സിനിമാ വ്യവസായത്തെ സംരക്ഷിക്കുന്നതിനുള്ള ഒരു സമഗ്ര കര്‍മപദ്ധതി തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഇതില്‍ നികുതി ഇളവ് അടക്കമുള്ള പരിഹാര മാര്‍ഗങ്ങള്‍ നടപ്പിലാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഫിലിം ചേംബര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിരുന്നെങ്കിലും പ്രയോജനമുണ്ടായില്ല.
മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സിനിമാ വ്യവസായത്തിന് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നുണ്ടെന്ന് ചന്ദ്രന്‍ ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications