twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇന്ത്യന്‍ സിനിമയിലെ ജെയിംസ് ബോണ്ട്?

    By Staff
    |

    ഇന്ത്യന്‍ സിനിമയിലെ ജെയിംസ് ബോണ്ട്?
    ജൂണ്‍ 9, 2005

    സിബിഐ ചിത്രങ്ങളിലൂടെ വീണ്ടും വീണ്ടുമെത്തുന്ന മമ്മൂട്ടിയുടെ സേതുരാമയ്യര്‍ എന്ന കുറ്റാന്വേഷക കഥാപാത്രം ഇന്ത്യന്‍ സിനിമയിലെ ജെയിംസ് ബോണ്ടാവുകയാണോ? കുറ്റാന്വേഷകന്റെ വേഷമിട്ട് മമ്മൂട്ടി നാലാമതും സ്ക്രീനിലെത്തുന്ന സസ്പെന്‍സ് ചിത്രവും വിജയമായാല്‍ ജെയിംസ് ബോണ്ട് ചിത്രങ്ങള്‍ പോലെ സേതുരാമയ്യര്‍ ചിത്രങ്ങളുടെ പരമ്പര മലയാളത്തില്‍ ഇനിയും തുടരും. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായിട്ടായിരിക്കും കുറ്റാന്വേഷണ പരമ്പര ചിത്രങ്ങളും കുറ്റാന്വേഷകന്റെ വേഷവും ഈ വിധം തുടരുന്നത്.

    ഒരു കഥാപാത്രത്തെ നാല് ചിത്രങ്ങളില്‍ അവതരിപ്പിക്കുക എന്നതു തന്നെ ഇന്ത്യന്‍ സിനിമയില്‍ മമ്മൂട്ടിക്ക് മാത്രം അവകാശപ്പെടാവുന്ന നേട്ടമാണ്. ചിത്രീകരണം നടന്നുവരുന്ന നേരറിയാന്‍ സിബിഐ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി ഈ അപൂര്‍വനേട്ടം സ്വന്തമാക്കുന്നത്. കെ. മധു-എസ്.എന്‍.സ്വാമി ടീമിന്റെ നാലാമത്തെ സിബിഐ ചിത്രമായ നേരറിയാന്‍ സിബിഐയില്‍ മമ്മൂട്ടി ഒരിക്കല്‍ക്കൂടി സിബിഐ ഓഫീസര്‍ സേതുരാമയ്യരുടെ വേഷമണിയുകയാണ്. ഈ ചിത്രവും വിജയമായാല്‍ സിബിഐ സിനിമാ പരമ്പര ഇനിയും തുടര്‍ന്നേക്കാം. അതോടെ ജെയിംസ് ബോണ്ട് ചിത്രങ്ങളിലേതു പോലെ ഇത്രയേറെ സ്വീകാര്യത കിട്ടുന്ന ഒരു കുറ്റാന്വേഷണ വേഷവുമായി തുടരാനുള്ള ഭാഗ്യമായിരിക്കും മമ്മൂട്ടിയെ തേടിയെത്തുന്നത്.

    1987ലാണ് സിബിഐ ഡയറിക്കുറിപ്പ് പുറത്തുവരുന്നത്. ദുരൂഹസാഹചര്യത്തിലുള്ള ഒരു യുവതിയുടെ മരണത്തെ കുറിച്ച് അന്വേഷിക്കുന്ന കുറ്റാന്വേഷകനായി മമ്മൂട്ടി തിളങ്ങിയ ഈ ചിത്രം വന്‍വിജയമായതോടെ 1991ല്‍ ഈ ചിത്രത്തിന്റെ രണ്ടാം പതിപ്പായ ജാഗ്രത പുറത്തിറങ്ങി. ആദ്യചിത്രം പോലെ രണ്ടാമത്തെ ചിത്രം വിജയമായില്ലെങ്കിലും സിബിഐ ചിത്രപരമ്പര അവിടെ അവസാനിച്ചില്ല.

    വര്‍ഷങ്ങള്‍ക്കു ശേഷം സിബിഐ ഓഫീസര്‍ സേതുരാമയ്യര്‍ക്ക് വീണ്ടും ജീവന്‍ നല്‍കാനുള്ള കെ. മധു-എസ്.എന്‍.സ്വാമി ടീമിന്റെ തീരുമാനത്തെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം സേതുരാമയ്യര്‍ സിബിഐ പുറത്തിറങ്ങിയത്. 13 വര്‍ഷങ്ങള്‍ക്കു ശേഷം സേതുരാമയ്യര്‍ കുറ്റാന്വേഷണത്തിലെ ദുരൂഹതയുടെ കുരുക്കഴിക്കാന്‍ വീണ്ടുമെത്തിയപ്പോള്‍ ആ ചിത്രം സൂപ്പര്‍ഹിറ്റാവുന്നതാണ് കണ്ടത്. 2004ലെ മൂന്ന് സൂപ്പര്‍ഹിറ്റുകളില്‍ ഒന്നായിരുന്നു സേതുരാമയ്യര്‍ സിബിഐ.

    ഈ ചിത്രത്തിന്റെ വന്‍വിജയമാണ് നാലാമതൊരു സിബിഐ ചിത്രമൊരുക്കുന്നതിനുള്ള ആലോചനയില്‍ കെ. മധുവിനെയും എസ്. എന്‍. സ്വാമിയെയും മമ്മൂട്ടിയെയുമെത്തിച്ചത്. സിബിഐ ഡയറിക്കുറിപ്പിന്റെ മൂന്നാം ഭാഗമിറങ്ങി കേവലം ഒരു വര്‍ഷം മാത്രം പിന്നിട്ടപ്പോള്‍ നാലാം ഭാഗമായി മറ്റൊരു സിബിഐ ചിത്രം! മൂന്ന് ഭാഗങ്ങള്‍ വരെയുള്ള സിനിമകളിറങ്ങിയിട്ടുണ്ടെങ്കിലും നാലാം ഭാഗമൊരുങ്ങുന്നത് ആദ്യമായിട്ടാണെന്നതു പോലെ ഒരു ചിത്രം പുറത്തിറങ്ങി അതിന്റെ അടുത്ത ഭാഗം കേവലം ഒരു വര്‍ഷത്തിനുള്ളില്‍ ഒരുക്കുക എന്നതും ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമാണ്.

    നേരറിയാന്‍ സിബിഐയും പ്രേക്ഷകര്‍ സ്വീകരിച്ചാല്‍ സ്വാഭാവികമായും അടുത്ത സിബിഐ ചിത്രത്തെ കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കും. ഹിറ്റുകള്‍ തീര്‍ക്കുന്ന സിബിഐ കഥാപാത്രത്തിന്റെ പുതിയ സാധ്യതകള്‍ അന്വേഷിക്കപ്പെടുമ്പോള്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യമായി തുടരുന്ന ഒരു കുറ്റാന്വേഷണ സിനിമാ പരമ്പരയാവും അത്. സിനിമാ പരമ്പരയില്‍ കുറ്റാന്വേഷകന്റെ വേഷത്തില്‍ തുടരുക എന്ന അപൂര്‍വത ഇന്ത്യന്‍ സിനിമയില്‍ മമ്മൂട്ടിക്ക് മാത്രം അവകാശപ്പെട്ടതാവും.

    കുറ്റാന്വേഷണ ചിത്രങ്ങള്‍ പ്രേക്ഷകരെ ആകര്‍ഷിക്കാറുണ്ടെങ്കിലും ഹോളിവുഡില്‍ കാണുന്നതു പോലുള്ള കുറ്റാന്വേഷണ സിനിമാ പരമ്പര ഇന്ത്യന്‍ സിനിമയിലുണ്ടായിട്ടില്ല. ആ വിധത്തിലുള്ള പ്ലോട്ടും കഥാപാത്രവും സൃഷ്ടിക്കാനായിട്ടില്ലെന്നതാണ് സത്യം. നാലാമത്തെ സിബിഐ ചിത്രവും വിജയിക്കുകയാണെങ്കില്‍ അത് ഇന്ത്യന്‍ സിനിമയിലെ ചരിത്രസംഭവമാവും.

    സിബിഐ കഥാപാത്രം തുടര്‍ന്നും അവതരിപ്പിക്കുന്നതില്‍ മമ്മൂട്ടിക്ക് ഒരു പ്രത്യേക താത്പര്യം കൂടിയുണ്ട്. തുടര്‍ച്ചയായ പരാജയങ്ങള്‍ സൃഷ്ടിച്ച ഇമേജ് ക്ഷീണത്തില്‍ നിന്നും മമ്മൂട്ടി തിരിച്ചുവരവ് നടത്തിയത് സേതുരാമയ്യര്‍ സിബിഐയിലൂടെയാണ്. തുടര്‍ന്ന് ഹിറ്റുകളുടെ ഒരു പരമ്പരയാണ് മമ്മൂട്ടിയെ തേടിയെത്തിയത്. തന്റെ കരിയറിലെ ഏറ്റവും സുവര്‍ണമായ ഘട്ടത്തിന് തുടക്കം കുറിച്ച സേതുരാമയ്യര്‍ സിബിഐയിലെ കഥാപാത്രത്തോട് മമ്മൂട്ടിക്ക് പ്രത്യേക താത്പര്യം തോന്നിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X