ദിലീപിന്റെ സമയം, കാവ്യയുടെയും
ദിലീപിന്റെ സമയം, കാവ്യയുടെയും
ജൂണ്‍ 10, 2003
ദിലീപിന്റെ സമയം തെളിഞ്ഞതോടെ മലയാളത്തില്‍ ഒരു താരജോഡി കൂടി ഉടലെടുത്തു. മീശ മാധവന് ശേഷം ദിലീപ്-കാവ്യാ മാധവന്‍ എന്നൊരു താരജോഡിയെ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിക്കഴിഞ്ഞു.
ദിലീപിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രമായ സദാനന്ദന്റെ സമയത്തിലും കാവ്യയാണ് നായിക. ഇതുവരെ എട്ട് ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. മലയാളത്തില്‍ ഏറെ കാലത്തിന് ശേഷമാണ് ഒരു താരജോഡി ഉണ്ടാവുന്നത്. ഇത്രയും ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച താരജോഡി അടുത്തൊന്നും മലയാളത്തിലുണ്ടായിട്ടില്ല.
കാവ്യാ മാധവന്‍ ആദ്യമായി നായികയായി അഭിനയിച്ച ചിത്രത്തില്‍ ദിലീപായിരുന്നു നായകന്‍. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിന് ശേഷം ഡാര്‍ലിംഗ് ഡാര്‍ലിംഗ്, ദോസ്ത്, തെങ്കാശിപ്പട്ടണം, രാക്ഷസരാജാവ് എന്നീ ചിത്രങ്ങളില്‍ ഇവര്‍ ഒന്നിച്ചഭിനയിച്ചു. ഇതില്‍ ദോസ്ത് ഒഴികെയുള്ള എല്ലാ ചിത്രങ്ങളിലും കാവ്യ ദിലീപിന്റെ നായികയായിരുന്നു. ദോസ്തില്‍ ദിലീപിന്റെ സഹോദരിയായാണ് കാവ്യ അഭിനയിച്ചത്.
മീശ മാധവന്റെ വിജയത്തോടെ ഈ താരജോഡിയെ പ്രേക്ഷകര്‍ പൂര്‍ണമായും ഹൃദയത്തിലേറ്റി. ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന ദിലീപ് ചിത്രങ്ങളായ തിളക്കം, സദാനന്ദന്റെ സമയം എന്നീ ചിത്രങ്ങളിലും കാവ്യ തന്നെ നായിക. രണ്ട് ചിത്രവും നന്നായി ഓടുന്നുണ്ട്.
സദാനന്ദന്റെ സമയത്തില്‍ ദിലീപിന്റെ ഭാര്യയായാണ് കാവ്യ അഭിനയിക്കുന്നത്. ആദ്യമായാണ് ഇരുവരും ഭാര്യാഭര്‍ത്താക്കന്മാരായി പ്രത്യക്ഷപ്പെടുന്നത്. നല്ല പ്രതികരണമാണ് ഈ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചിരിക്കുന്നത്.
മോഹന്‍ലാല്‍-ഉര്‍വശി താരജോഡിക്ക് ശേഷം പ്രേക്ഷകരുടെ ഇഷ്ടജോഡിയുണ്ടാവുന്നത് കുറച്ചു കാലത്തിന് ശേഷമാണ്. പ്രേക്ഷകര്‍ സ്വീകരിച്ചുകഴിഞ്ഞ താരങ്ങളെന്ന നിലയില്‍ ഈ ജോഡി ഏറെ കാലം തുടരുകയും ചെയ്യും.


Click it and Unblock the Notifications