പൊലീസ് ഓഫീസറായി ശ്രേയ റെഡ്ഢി
പൊലീസ് ഓഫീസറായി ശ്രേയ റെഡ്ഢി
ജൂണ്‍ 10, 2005
എസ്എസ് മ്യൂസിക് ചാനലില്‍ ചുറുചുറുക്കോടെ പ്രേക്ഷകരോട് കൊച്ചുവര്‍ത്തമാനം പറയുകയും ഗാനങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്ന ശ്രേയ റെഡ്ഢി രഞ്ജിത്തിന്റെ ബ്ലാക്ക് എന്ന ചിത്രത്തിലൂടെയാണ് മലയാളസിനിമയിലേത്തിയത്. സുരേഷ് ഗോപി രണ്ടാം വരവ് നടത്തുന്ന ഭരത്ചന്ദ്രന്‍ ഐപിഎസ് എന്ന ചിത്രത്തിലെ പൊലീസ് ഓഫീസറുടെ വേഷത്തില്‍ ശ്രേയ വീണ്ടും മലയാളത്തിലെത്തുന്നു.
തന്റെ പ്രകൃതത്തില്‍ നിന്നും വിഭിന്നമായി സാധാരണക്കാരിയായ ഒരു തമിഴ് യുവതിയുടെ വേഷത്തിലാണ് ശ്രേയ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. എസ്എസ് മ്യൂസിക് ചാനലിലെ പരിപാടി അവതരിപ്പിക്കാനായി ഇടയ്ക്കിടെ അല്പവസ്ത്രം ധരിച്ചെത്താറുള്ള ശ്രേയക്ക് മലയാളത്തിലെ ആദ്യചിത്രത്തില്‍ ഗ്ലാമര്‍ പ്രദര്‍ശനത്തിന് അവസരമുണ്ടായിരുന്നില്ല. പുതിയ ചിത്രത്തിലും ശ്രേയയുടെ ഗ്ലാമര്‍ പ്രദര്‍ശനം പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാനാവില്ല. എന്നാല്‍ ബ്ലാക്കിലെ കഥാപാത്രത്തില്‍ നിന്നും വിഭിന്നമായി ചങ്കൂറ്റമുള്ള ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് പുതിയ ചിത്രത്തില്‍ ശ്രേയ പ്രത്യക്ഷപ്പെടുന്നത്.
സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രമായ ഭരത്ചന്ദ്രന്റെ സഹായിയായാണ് ശ്രേയ റെഡ്ഢി വേഷമിടുന്നത്. ഭരത്ചന്ദ്രന്റെ രീതികള്‍ കണ്ട് അയാളോടുള്ള ആരാധന മനസില്‍ സൂക്ഷിക്കുന്ന കഥാപാത്രമാണ് ശ്രേയയുടേത്.
ബ്ലാക്കില്‍ തമിഴ് യുവതിയായി അഭിനയിച്ച ശ്രേയക്ക് മലയാളം ഡയലോഗുകള്‍ പറയേണ്ടതുണ്ടായിരുന്നില്ല. ഭരത്ചന്ദ്രന്‍ ഐപിഎസ്സില്‍ ഉത്തരേന്ത്യക്കാരിയായി അഭിനയിക്കുന്ന ശ്രേയ കൂടുതലായും ഇംഗ്ലീഷ് ഡയലോഗുകളാണ് പറയുന്നത്. ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍ ശ്രേയക്കായി എഴുതിയിരിക്കുന്നത് കൂടുതലും ഇംഗ്ലീഷ് ഡയലോഗുകളാണ്.
ഭരത്ചന്ദ്രന്‍ ഐപിഎസ് ശ്രേയയുടെ മൂന്നാമത്തെ മലയാളചിത്രമാണ്. ബ്ലാക്കിനു ശേഷം ഒരാള്‍ എന്ന ചിത്രത്തിലും ശ്രേയ അഭിനയിച്ചിരുന്നു. ടിവി അവതാരകയെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടതിനു ശേഷം തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്രേയ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പക്ഷേ തെലുങ്കില്‍ ശ്രേയക്ക് പിന്നീട് കൂടുതലവസരങ്ങള്‍ ലഭിച്ചില്ല. ഇപ്പോള്‍ മലയാളത്തില്‍ ഭാഗ്യം തേടുകയാണ് ഈ നടി.


Click it and Unblock the Notifications