കമല്‍-ദിലീപ് ചിത്രം ഫാസില്‍ നിര്‍മിക്കുന്നു
കമല്‍-ദിലീപ് ചിത്രം ഫാസില്‍ നിര്‍മിക്കുന്നു
ജൂണ്‍ 12, 2005
മോഹന്‍ലാല്‍ നായകനായ വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിന്റെ പരാജയത്തിനു ശേഷം പുതിയ മലയാള ചിത്രങ്ങളൊന്നും ഫാസില്‍ പ്രഖ്യാപിച്ചിട്ടില്ല. നീണ്ട ആലോചനക്കു ശേഷം മാത്രമേ പുതിയ മലയാള ചിത്രം സംവിധാനം ചെയ്യുകയുള്ളൂവെന്ന് ഫാസില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മലയാളത്തില്‍ ഉടന്‍ ചിത്രങ്ങളൊന്നും സംവിധാനം ചെയ്യുന്നില്ലെങ്കിലും ഒരു ചിത്രത്തിന്റെ നിര്‍മാണവുമായി അദ്ദേഹം സജീവമാവാനൊരുങ്ങുകയാണ്.
ഫാസില്‍ നിര്‍മിക്കുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് കമലായിരിക്കും. ഈ ചിത്രത്തില്‍ നായകനാവുന്നത് ദിലീപാണ്. ഗ്രാമഫോണിനു ശേഷം കമലും ദിലീപും ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്.
കാക്കോത്തിക്കാവിന്റെ അപ്പൂപ്പന്‍താടികള്‍ എന്ന ചിത്രത്തിലാണ് ഇതിനുമുമ്പ് കമലും ഫാസിലും സഹകരിച്ചിട്ടുള്ളത്. കമല്‍ സംവിധാനം ചെയ്ത ആ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് ഫാസിലായിരുന്നു.
വിസ്മയത്തുമ്പത്തിന്റെ പരാജയം ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായിരുന്ന ഫാസിലിനു കടുത്ത സാമ്പത്തിക നഷ്ടമാണ് വരുത്തിവച്ചത്. ലൈഫ് ഈസ് ബ്യുൂട്ടിഫുള്‍-, കൈയെത്തും ദൂരത്ത് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഏറെ പ്രതീക്ഷകളോടെയൊരുക്കിയ വിസ്മയത്തുമ്പത്തും പരാജയമായതോടെ ഫാസില്‍ കൈപൊള്ളിയ നിലയിലായി. മലയാളത്തില്‍ വീണ്ടുമൊരു ചിത്രം സംവിധാനം ചെയ്യാന്‍ അറച്ചുനില്‍ക്കുന്ന അദ്ദേഹം തമിഴിലേക്ക് കടന്നിരിക്കുകയാണ്. അതിനിടയിലാണ് ദിലീപിനെ നായകനാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ച് സാമ്പത്തികനഷ്ടത്തില്‍ നിന്നും കരകയറാന്‍ ഫാസില്‍ തുനിയുന്നത്.
റാംജിറാവ് സ്പീക്കീംഗ്, ക്രോണിക് ബാച്ചിലര്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ നേരത്തെ ഫാസില്‍ നിര്‍മിച്ചിട്ടുണ്ട്. കമല്‍-ദിലീപ് ചിത്രത്തിലൂടെ മറ്റൊരു ഹിറ്റ് സൃഷ്ടിക്കാമെന്ന പ്രതീക്ഷയിലാണ് ഫാസില്‍.


Click it and Unblock the Notifications