സിനിമ നിര്‍മിക്കാന്‍ നവ്യയും
സിനിമ നിര്‍മിക്കാന്‍ നവ്യയും
ജൂണ്‍ 12, 2006
പൂര്‍ത്തിയാവാത്ത ചിത്രത്തില്‍ നിന്നും നിര്‍മാതാവ് പിന്‍മാറിയാല്‍ എന്തുചെയ്യും? ചിത്രം ഉപേക്ഷിക്കാന്‍ മനസു വരാത്ത സംവിധായകനും നായകനും നായികയും ഛായാഗ്രാഹകനും ചേര്‍ന്ന് നിര്‍മാണം ഏറ്റെടുക്കുകയാണ് ഒരു വഴി.
ടി.വി.ചന്ദ്രന്റെ ആടും കൂത്ത് എന്ന തമിഴ് ചിത്രത്തില്‍ നിന്നും നിര്‍മാതാവ് പിന്‍മാറിയപ്പോഴാണ് ചിത്രം പൂര്‍ത്തിയാക്കിയേ അടങ്ങൂ എന്ന വാശിയോടെ സംവിധായകനും നായകനും നായികയും ഛായാഗ്രാഹകനും മുന്നോട്ടുവന്നത്. സംവിധായകന്‍ ടി.വി.ചന്ദ്രന്‍, നായകന്‍ ചേരന്‍. നായിക നവ്യാ നായര്‍. ഛായാഗ്രാഹകന്‍ മധു അമ്പാട്ട്. നാല് പേരും ചേര്‍ന്ന് ഒരു ലൈറ്റ് ആന്റ് ഷാഡോ എന്ന കമ്പനി രൂപീകരിച്ച് ചിത്രം ഏറ്റെടുത്തു.
ആടും കൂത്തിന്റെ ബജറ്റ് പ്രതീക്ഷിച്ചിച്ചതിലും കവിഞ്ഞ് ഉയര്‍ന്നു പോയപ്പോഴാണ് നിര്‍മാവാതാവായ കിരീടം ഉണ്ണി പിന്‍മാറാന്‍ തീരുമാനിച്ചത്. ഒന്നര കോടി ചെലവിട്ടിട്ടും ചിത്രം പൂര്‍ത്തിയാവാതെ വന്നപ്പോള്‍ ഇനി പണമിറക്കാനാവില്ലെന്ന് കിരീടം ഉണ്ണി വ്യക്തമാക്കിയതോടെ ചിത്രത്തിന്റെ ജോലികള്‍ പരുങ്ങലിലായി. ഈ ഘട്ടത്തിലാണ് സംവിധായകനും നായകനും നായികയും ഛായാഗ്രാഹകനും ചേര്‍ന്ന് നിര്‍മാണം ഏറ്റെടുക്കുക എന്ന ആശയമുദിച്ചത്. നാല് പേരും അതിന് തയ്യാറായതോടെ പുതിയ കമ്പനി രൂപം കൊള്ളുകയായിരുന്നു.
ലൈറ്റ് ആന്റ് ഷാഡോ കമ്പനി കൃപാ ഫിലിംസില്‍ നിന്നും ചിത്രം വാങ്ങി മുടക്കുമുതല്‍ കിരീടം ഉണ്ണിക്ക് തിരിച്ചുകൊടുത്തു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഈ ചിത്രത്തില്‍ വലിയ പ്രതീക്ഷകളുണ്ട്. അവാര്‍ഡ് പടമെന്ന് തമിഴ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന ചിത്രത്തിനായി വലിയ തുക ചെലവിടുന്നത് ബുദ്ധിയല്ലെന്ന തോന്നലാണ് കിരീടം ഉണ്ണിയെ പിന്‍മാറ്റത്തിന് പ്രേരിപ്പിച്ചത്. എന്നാല്‍ അവാര്‍ഡുകള്‍ക്കൊപ്പം മികച്ച ബോക്സോഫീസ് പ്രകടനവും ഈ ചിത്രം കാഴ്ച വയ്ക്കുമെന്ന പ്രതീക്ഷകളാണ് ചിത്രം പൂര്‍ത്തിയാക്കാന്‍ ഒരുമ്പെട്ടവര്‍ക്കുള്ളത്.


Click it and Unblock the Notifications