»   » അമ്മ: താരങ്ങള്‍ മാപ്പ് പറഞ്ഞു

അമ്മ: താരങ്ങള്‍ മാപ്പ് പറഞ്ഞു

Posted By:
Subscribe to Filmibeat Malayalam

അമ്മ: താരങ്ങള്‍ മാപ്പ് പറഞ്ഞു
ജൂണ്‍ 14, 2004

കൊച്ചി: അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ അമ്മയെ ധിക്കരിച്ച താരങ്ങളായ പൃഥ്വിരാജ്, സുരേഷ് കൃഷ്ണ, ലാലു അലക്സ്, ഭീമന്‍ രഘു, ക്യാപ്റ്റന്‍ രാജു, മീര ജാസ്മിന്‍, കവിയൂര്‍ രേണുക എന്നിവര്‍ ഖേദപ്രകടനം നടത്തി.

ഖേദപ്രകടനം നടത്താന്‍ തയ്യാറാവാതിരുന്ന നടന്‍ ബാബുരാജിനെ യോഗത്തില്‍ നിന്നും പുറത്താക്കി. നടന്‍ തിലകന്‍ തന്റെ തീരുമാനം പിന്നീട് അറിയിയ്ക്കാമെന്ന് പറഞ്ഞ് യോഗം തീരുംമുമ്പേ മടങ്ങിപ്പോയി.

താരങ്ങള്‍ ഖേദപ്രകടനം നടത്തിയതോടെ പ്രശ്നങ്ങള്‍ തീര്‍ന്നതായി അമ്മ പ്രസിഡന്റ് ഇന്നസെന്റ്, ജനറല്‍ സെക്രട്ടറി മോഹന്‍ലാല്‍ എന്നിവര്‍ പറഞ്ഞു.

പൃഥ്വിരാജ്, ലാലു അലക്സ്, സുരേഷ് കൃഷ്ണ എന്നിവര്‍ യോഗത്തില്‍ നേരിട്ടാണ് ഖേദപ്രകടനം നടത്തിയത്. മീരാ ജാസ്മിന്‍, ഭീമന്‍ രഘു, ക്യാപ്റ്റന്‍ രാജു, കവിയൂര്‍ രേണുക എന്നിവര്‍ രേഖമൂലമാണ് ഖേദം അറിയിച്ചത്.

അമ്മയ്ക്കെതിരെയും മുന്‍നിര താരങ്ങള്‍ക്കെതിരെയും ആഞ്ഞടിച്ച തിലകന്റെ പ്രസംഗം യോഗത്തില്‍ ബഹളത്തിന് വഴിവച്ചു. തിലകന്‍ പരസ്യമായി മാപ്പ് പറയണമെന്ന് ചില അംഗങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ ഇതേക്കുറിച്ച് പിന്നീട് പറയാമെന്ന് അറിയിച്ച് അദ്ദേഹം യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി.

ഫോണില്‍ വധഭീഷണി ലഭിച്ചതിനാല്‍ പൊലീസ് സംരക്ഷണത്തോടെയും മക്കളായ ഷമ്മി തിലകന്‍, ഷിബു തിലകന്‍ എന്നിവരുടെ അകമ്പടിയോടെയുമാണ് തിലകന്‍ യോഗസ്ഥലത്തെത്തിയത്.

ഖേദം പ്രകടിപ്പിച്ച താരങ്ങള്‍ക്കെതിരെ ഇനി നടപടിയുണ്ടാവില്ലെന്ന് പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ മോഹന്‍ലാല്‍ അറിയിച്ചു. സിദ്ദീഖ്, ഗണേഷ്കുമാര്‍, നെടുമുടി വേണു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. തിലകന്‍ എന്തുകൊണ്ട് ഖേദപ്രകടനം നടത്തിയില്ല എന്ന പത്രപ്രവര്‍ത്തകരുടെ ചോദ്യത്തിന് തിലകനെപ്പോലുള്ള ഒരു സീനിയര്‍ നടനോട് ഖേദപ്രകടനത്തിന് നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. പക്ഷെ അടുത്ത ദിവസങ്ങളില്‍ തിലകന്റെ മറുപടി പ്രതീക്ഷിയ്ക്കുന്നുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X