വൈവിധ്യം തേടുന്ന ലാല്‍
വൈവിധ്യം തേടുന്ന ലാല്‍
ജൂണ്‍ 14, 2006
തുടര്‍ച്ചയായ ഹിറ്റുകള്‍ താരപ്രഭാവത്തിന് മാറ്റ് കൂട്ടിയതിനൊപ്പം നടനെന്ന നിലയിലുള്ള തിരിച്ചുവരവ് കൂടിയാണ് മോഹന്‍ലാല്‍ നടത്തിയത്. തന്മാത്ര, രസതന്ത്രം, വടക്കുംനാഥന്‍... ഭാവാഭിനയത്തിന്റെ പുതിയ അനുഭവങ്ങള്‍ പകരുന്ന നടന് പ്രേക്ഷകര്‍ നല്‍കുന്ന കൈയടി നിലക്കുന്നില്ല.
ഈ ചിത്രങ്ങളിലൂടെ കുടുംബ പ്രേക്ഷകരിലേക്ക് മോഹന്‍ലാല്‍ തിരിച്ചെത്തുകയായിരുന്നു. കുടുംബപ്രേക്ഷകര്‍ നല്‍കിയ വിജയങ്ങളില്‍ ആഹ്ലാദവാനാണെങ്കിലും അത്തരം ചിത്രങ്ങള്‍ മാത്രമേ ചെയ്യൂവെന്ന നിബന്ധനകളിലേക്ക് അത് മോഹന്‍ലാലിനെ കൊണ്ടെത്തിക്കുന്നില്ല. ഒരു പ്രത്യേക ടൈപ്പ് വേഷങ്ങളില്‍ തളച്ചിടുന്നതിന് ഈ വിജയങ്ങള്‍ കാരണമാവരുതെന്ന് മോഹന്‍ലാലിന് നിര്‍ബന്ധമുണ്ട്.
വൈവിധ്യമുള്ള കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ ശ്രദ്ധ തിരിക്കുന്നത്. തന്മാത്രയും രസതന്ത്രവും വടക്കുംനാഥനും കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്തെങ്കിലും മോഹന്‍ലാലിന്റെ അടുത്ത ചിത്രം ആ ഗണത്തില്‍ പെടുന്നതല്ല. കീര്‍ത്തിചക്ര എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മറ്റൊരു മുഖമായിരിക്കും പ്രേക്ഷകര്‍ കാണുക. ഈ ചിത്രത്തില്‍ ഒരു സൈനിക ഓഫീസറുടെ വേഷത്തിലാണ് മോഹന്‍ലാല്‍.
മോഹന്‍ലാലിന്റെ കുടുംബചിത്രങ്ങള്‍ വന്‍വിജയങ്ങളാവുമ്പോള്‍ അദ്ദേഹം ഇനി വീരനായകവേഷം ചെയ്യില്ലെന്ന ധാരണ വളര്‍ത്തുന്നുണ്ടെങ്കില്‍ തെറ്റി. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായ നരനിലേതു പോലെ മോഹന്‍ലാല്‍ മീശ പിരിച്ച് ആടിത്തിമര്‍ക്കുന്നത് ഇനിയും പ്രേക്ഷകര്‍ക്കു കാണാം. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന അലിഭായി എന്ന ചിത്രത്തിലെ കൂലി വേഷം അത്തരത്തിലൊന്നായിരിക്കും.
വീണ്ടും മീശ പിരിച്ച് വീരനായകനാവാനൊരുങ്ങുമ്പോഴും തീര്‍ത്തും വിപരീത തലത്തിലുള്ള കഥാപാത്രങ്ങളെ സ്വീകരിക്കാനും മോഹന്‍ലാല്‍ തയ്യാറാണ്. ആ കഥാപാത്രങ്ങളാകട്ടെ പ്രേക്ഷകര്‍ സ്വീകരിച്ച കുടുംബചിത്രങ്ങളിലെ നായകന്‍മാരില്‍ നിന്നും വ്യത്യസ്തവുമാണ്.
മമ്മൂട്ടിയെയും ജയറാമിനെയും പോലുള്ള നടന്‍മാര്‍ ഇപ്പോള്‍ സമാന്തര സിനിമകളോട് വിമുഖത പ്രകടിപ്പിക്കുമ്പോള്‍ രണ്ട് വാണിജ്യേതര സിനിമകള്‍ക്ക് മോഹന്‍ലാല്‍ ഡേറ്റ് നല്‍കിക്കഴിഞ്ഞു. പി.ടി.കുഞ്ഞുമുഹമ്മദിന്റെ പരദേശി, കെ.പി.കുമാരന്റെ ആകാശഗോപുരം എന്നീ ചിത്രങ്ങളിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. വാണിജ്യസാധ്യതയുള്ള കുടുംബചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് മോഹന്‍ലാല്‍ പരദേശിയിലും ആകാശഗോപുരത്തിലും അവതരിപ്പിക്കുന്നത്.
വാണിജ്യസിനിമയില്‍ പലതരം വേഷങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാവുമ്പോഴും മോഹന്‍ലാല്‍ സമാന്തര സിനിമയില്‍ അഭിനയ കലയുടെ പുതിയ സാധ്യതകള്‍ തേടാനുള്ള ശ്രമത്തിലാണ്.


Click it and Unblock the Notifications