കുഞ്ചാക്കോ ബോബന്‍ വ്യത്യസ്ത വേഷത്തില്‍
കുഞ്ചാക്കോ ബോബന്‍ വ്യത്യസ്ത വേഷത്തില്‍
ജൂണ്‍ 15, 2002
റോമിയോ വേഷത്തില്‍ നിന്ന് കുഞ്ചാക്കോ ബോബന് ഒരിക്കല്‍ കൂടി മോചനം. നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വകയിലെ ജയകാന്തന് ശേഷം ശിവപ്രസാദിന്റെ സാമത്തില്‍ കുഞ്ചാക്കോ ബോബന്‍ സ്ഥിരം കാമുക വേഷത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയാണ്.
മാനസിക വിഭ്രാന്തികളിലൂടെ കടന്നുപോവുന്ന വിശ്വനാഥന്‍ എന്ന യുവാവിനെയാണ് കുഞ്ചാക്കോ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കുഞ്ചാക്കോയുടെ ഇതിന് മുമ്പ് കണ്ടിട്ടില്ലാത്ത ഒരു മുഖമാണ് സാമത്തില്‍.
വേമ്പനാട് തുടങ്ങിയ സമാന്തര സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള ശിവപ്രസാദ് ഒരു മധ്യവര്‍ത്തി ചിത്രം ഒരുക്കുകയാണ് സാമത്തിലൂടെ. വിശ്വനാഥന്‍ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ചിത്രം പുരോഗമിക്കുന്നത്. ശാസ്ത്രികളുടെയും ലക്ഷ്മിയുടെയും മകനാണ് വിശ്വനാഥന്‍. ദാരിദ്യ്രത്തില്‍ കഴിയുന്ന ആ കുടുംബത്തിന് വിശ്വനാഥന്റെ ട്യൂഷന്‍ സെന്ററില്‍ നിന്ന് ലഭിക്കുന്ന വരുമാനമാണ് അത്താണി.
ശാസ്ത്രികള്‍ക്കുമുണ്ട് പേരിനൊരു ജോലി. നാട്ടിലെ ജന്മിയായ വേലുച്ചാമി കൗണ്ടറുടെ സ്കൂളിലെ രാത്രി കാവല്‍ക്കാരനാണ് ശാസ്ത്രികള്‍. വേലുച്ചാമി കൗണ്ടറുടെ ഒരു ഔദാര്യം. കൗണ്ടര്‍ നല്‍കിയ വീട്ടിലാണ് അവരുടെ താമസം.
കൗണ്ടറുടെ ഈ ഔദാര്യങ്ങള്‍ വിശ്വനാഥനില്‍ സംശയം വളര്‍ത്തി. സ്ത്രീലമ്പടനായ കൗണ്ടര്‍ യൗവനം കടന്നിട്ടില്ലാത്ത തന്റെ അമ്മയില്‍ കണ്ണുവെച്ചാണോ ഈ ഔദാര്യമെല്ലാം നല്‍കുന്നതെന്ന സംശയം അവനിലുണ്ടായി. ആ സംശയം വളര്‍ന്നു. അതോടെ കൗണ്ടറെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശത്രുവായി അവന്‍ കണ്ടുതുടങ്ങി. സംശയങ്ങള്‍ അവനെ മാനസിക വിഭ്രാന്തിയിലേക്കാണ് നയിച്ചത്.
ദേവദൂതന് ശേഷം ജയപ്രദ വീണ്ടും മലയാളത്തിലെത്തുകയാണ് ഈ ചിത്രത്തിലൂടെ. ലക്ഷ്മിയെയാണ് ജയപ്രദ അവതരിപ്പിക്കുന്നത്. കൗണ്ടറായി ലാലും ശാസ്ത്രികളായി നെടുമുടി വേണുവും അഭിനയിക്കുന്നു.
ഉമാ ശങ്കരിയും സുജാ കാര്‍ത്തികയും നായികമാരാവുന്ന ചിത്രത്തില്‍ സുധീഷ്, കൊച്ചിന്‍ ഹനീഫ, ജഗതി, രവി മേനോന്‍, കണ്ണൂര്‍ ശ്രീലത എന്നിവരും അഭിനയിക്കുന്നു.


Click it and Unblock the Notifications