ലാലു അലക്സ് പിടിച്ച പുലിവാല്
ലാലു അലക്സ് പിടിച്ച പുലിവാല്
ജൂണ്‍ 15, 2005
താരസംഘടനയായ അമ്മയും നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനയായ ഫിലിംചേംബറും തമ്മില്‍ പോര് നിലനിന്ന കാലത്ത് താരസംഘടനയെ കൈവിട്ട ലാലു അലക്സിന് പഴയ നിലപാട് വിനയാവുന്നു. അമ്മയെ തള്ളിപ്പറയാന്‍ മുന്നോട്ടുവന്ന പൃഥ്വിരാജിനും സുരേഷ്കൃഷ്ണക്കും തിലകനുമൊക്കെ അവസരങ്ങളുള്ളപ്പോള്‍ ലാലു അലക്സിന് പുതിയ ഒരു ചിത്രം പോലുമില്ലെന്നതാണ് സ്ഥിതി.
കമലിന്റെ മഞ്ഞുപോലൊരു പെണ്‍കുട്ടിയില്‍ അഭിനയിക്കാന്‍ വേണ്ടിയാണ് ലാലു അലക്സ് അമ്മയുടെ നിബന്ധന ലംഘിച്ചത്. ഫിലിം ചേംബര്‍ മുന്നോട്ടുവച്ച പുതിയ വ്യവസ്ഥകളടങ്ങുന്ന കരാറില്‍ ഒപ്പിട്ട് സിനിമയില്‍ അഭിനയിക്കാന്‍ ആരും തയ്യാറാവരുതെന്ന അമ്മയുടെ നിര്‍ദേശം പൃഥ്വിരാജും തിലകനും സുരേഷ്കൃഷ്ണയ്ക്കുമൊപ്പം ലാലു അലക്സും ലംഘിച്ചു. ചേംബറിന്റെ കരാറില്‍ ഒപ്പിട്ട് മഞ്ഞുപോലൊരു പെണ്‍കുട്ടിയിലും സത്യത്തിലും അഭിനയിച്ച ലാലു അലക്സിന് പിന്നീട് കാര്യമായ അവസരങ്ങളൊന്നും ലഭിച്ചില്ല.
ആറുമാസത്തോളം അപ്രഖ്യാപിത വിലക്ക് നേരിടേണ്ടിവന്നെങ്കിലും പൃഥ്വിരാജ് ഇപ്പോള്‍ സിനിമയില്‍ ഏറെ സജീവമാണ്. തിലകനും സുരേഷ്കൃഷ്ണക്കും അമ്മ-ചേംബര്‍ സമരക്കാലത്തിന് മുമ്പ് ലഭിക്കാറുള്ളതു പോലുള്ള അവസരങ്ങള്‍ ഇപ്പോഴും ലഭിക്കുന്നുണ്ട്. എന്നാല്‍ ലാലു അലക്സിന് മാത്രം ചിത്രങ്ങളില്ല.
മഞ്ഞുപോലൊരു പെണ്‍കുട്ടി, സത്യം എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലാലു അലക്സ് അഭിനയിച്ചത് വെക്കേഷന്‍ എന്ന ചിത്രത്തില്‍ മാത്രമാണ്. ആ ചിത്രം റിലീസാകാനിരിക്കുന്നതേയുള്ളൂ. പുതുമുഖ പ്രധാനമായ ആ ചിത്രം ലാലു അലക്സിന് കരിയറില്‍ കാര്യമായ നേട്ടമുണ്ടാക്കിക്കൊടുക്കാനും സാധ്യതയില്ല.
മോഹന്‍ലാല്‍ ഇരട്ടകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഭദ്രന്റെ ഉടയോന്‍ എന്ന ചിത്രത്തില്‍ ലാലു അലക്സിന് മികച്ചൊരു വേഷം ഓഫര്‍ ചെയ്തിരുന്നതാണ്. എന്നാല്‍ പിന്നീട് ആ അവസരം അദ്ദേഹത്തിനു നഷ്ടമായി. താരസംഘടനയെ തള്ളിപ്പറഞ്ഞ് നിര്‍മാതാക്കള്‍ക്കും ചില സംവിധായകര്‍ക്കും ഒപ്പം നിന്ന തന്നെ അവരും തഴയുകയാണെന്ന പരാതിയാണ് ലാലു അലക്സിനുള്ളത്.


Click it and Unblock the Notifications