നയന്‍താര അതിഥിയായി തിരിച്ചെത്തുന്നു
നയന്‍താര അതിഥിയായി തിരിച്ചെത്തുന്നു
ജൂണ്‍ 15, 2006
ഒരു ഇടവേളക്കു ശേഷം നയന്‍താര മലയാളത്തില്‍ തിരിച്ചെത്തുന്നു. സുരേഷ് ഗോപി നായകനായ ജന്മം എന്ന ചിത്രത്തിലാണ് നയന്‍താര പ്രത്യക്ഷപ്പെടുന്നത്.
തമിഴിലെയും തെലുങ്കിലെയും തിരക്കുകള്‍ക്കിടയില്‍ നിന്ന് മലയാളത്തില്‍ നായികാവേഷം ചെയ്യാനല്ല നയനെത്തുന്നത്. അതിഥിതാരമായി ഒരു ഗാനരംഗത്തിലായിരിക്കും നയന്‍ അഭിനയിക്കുന്നത്.
നടിയായി തന്നെയാണ് നയന്‍താര ജന്മത്തില്‍ അഭിനയിക്കുന്നത്. കൊടൈക്കനാലില്‍ നടി നയന്‍താര അഭിനയിക്കുന്ന ഗാനരംഗം എന്ന നിലയിലാണ് ഈ ഭാഗം ചിത്രത്തില്‍ ഉള്‍പ്പെടുത്തുക. വിജയുടെ തമിഴ് ചിത്രം ശിവകാശിയിലും ഗാനരംഗത്തില്‍ നടിയായി തന്നെ നയന്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ചിത്രത്തില്‍ സുരേഷ് ഗോപിക്കൊപ്പം നയന്‍താര പ്രത്യക്ഷപ്പെടുന്ന രംഗങ്ങളൊന്നുമില്ല. ജൂണ്‍ അവസാനത്തില്‍ നയന്‍താരയുടെ ഗാനരംഗം കൊടൈക്കനാലില്‍ ചിത്രീകരിക്കും.
ഇതിനു മുമ്പ് നയന്‍താര ഒടുവിലായി അഭിനയിച്ച മലയാളചിത്രം രാപ്പകല്‍ ആണ്. മനസിനക്കരെയിലൂടെ സിനിമയില്‍ അരങ്ങേറിയ നയന്‍താര വിസ്മയത്തുമ്പത്ത്, നാട്ടുരാജാവ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം തമിഴിലേക്ക് ചേക്കേറി. ഒരു ഇടവേളയില്‍ വീണ്ടും മലയാളത്തിലെത്തി തസ്കരവീരന്‍, രാപ്പകല്‍ എന്നീ ചിത്രങ്ങളില്‍ വേഷമിട്ടു. തമിഴിലെയും തെലുങ്കിലെയും ഒന്നാം നിര നടിയായി ഉയര്‍ന്ന നയന്‍താര പിന്നീട് മലയാളത്തില്‍ നിന്ന് ലഭിച്ച ഓഫറുകളൊന്നും സ്വീകരിച്ചിരുന്നില്ല. ജന്മത്തിലെ ഗാനരംഗത്തില്‍ അഭിനയിക്കാന്‍ നയന്‍താര സമ്മതിച്ചതാകട്ടെ ഓഫര്‍ ലഭിച്ച് അല്പം കഴിഞ്ഞാണ്.
ജോഷിയാണ് ജന്മം സംവിധാനം ചെയ്യുന്നത്. ഗോപികയാണ് നായിക. ഉപനായികയായി കാര്‍ത്തികയും വേഷമിടുന്നു.


Click it and Unblock the Notifications