ജൂലൈ നാലിന്റെ മാജിക് ആവര്‍ത്തിക്കുമോ?
ജൂലൈ നാലിന്റെ മാജിക് ആവര്‍ത്തിക്കുമോ?
ജൂണ്‍ 18, 2005
തന്റെ ജന്മദിനമായ ജൂലൈ നാല് ഭാഗ്യദിനമായാണ് ദിലീപ് കണക്കാക്കുന്നത്. ദിലീപിന് സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച ദിവസമാണ് ജൂലൈ നാല്. ജൂലൈ നാലിന് റിലീസ് ചെയ്ത മൂന്ന് ചിത്രങ്ങളാണ് സൂപ്പര്‍ഹിറ്റുകളായത്.
2001 മുതലാണ് ജൂലൈ നാലിന്റെ അത്ഭുതം ദിലീപിന് ബോധ്യപ്പെട്ടത്. ആ വര്‍ഷം തന്റെ ജന്മദിനത്തില്‍ റിലീസ് ചെയ്ത ഈ പറക്കുംതളിക സൂപ്പര്‍ഹിറ്റായതോടെ ജൂലൈ നാലിന്റെ മാജിക്കില്‍ ദിലീപ് വിശ്വസിച്ചുതുടങ്ങി. 2002ല്‍ അതേ ദിവസം റിലീസ് ചെയ്ത മീശ മാധവന്‍ റെക്കോഡ് വിജയമാണ് ദിലീപിന് സമ്മാനിച്ചത്. ആ ചിത്രത്തിന്റെ വിജയത്തോടെ ദിലീപ് സൂപ്പര്‍താരങ്ങളോട് കിടപടിക്കുന്ന താരമായി വളര്‍ന്നു. 2003ലും ജൂലൈ നാല് ദിലീപിന് ഭാഗ്യം കൊണ്ടുവരുന്നതാണ് കണ്ടത്. ആ ദിവസം റിലീസ് ചെയ്ത സിഐഡി മൂസയുടെ വന്‍വിജയം ദിലീപിന്റെ താരമൂല്യം പിന്നെയും വര്‍ധിപ്പിച്ചു.
എന്നാല്‍ കഴിഞ്ഞ വര്‍ഷം ജൂലൈ നാലിന് ദിലീപിന് ചിത്രം റിലീസ് ചെയ്യാന്‍ കഴിഞ്ഞില്ല. അമ്മ-ഫിലിം ചേംബര്‍ പോര് രൂക്ഷമായ സാഹചര്യം ദിലീപ് ചിത്രത്തിന്റെ ജോലികളെ പ്രതികൂലമായി ബാധിച്ചതോടെ ജൂലൈ നാലിലെ റിലീസിംഗ് മുടങ്ങി. കഴിഞ്ഞ വര്‍ഷം ദിലീപിന് ഒരു ഹിറ്റ് പോലുമുണ്ടായതുമില്ല.
ദിലീപിന്റെ ഒടുവിലത്തെ സൂപ്പര്‍ഹിറ്റ് സിഐഡി മൂസയാണ്. കൊച്ചിരാജാവിലൂടെ ഇപ്പോള്‍ ഒരു തിരിച്ചുവരവ് ദിലീപ് നടത്തിയെങ്കിലും ഒരു സൂപ്പര്‍ഹിറ്റ് അനിവാര്യമെന്ന നിലയിലാണ് ദിലീപ്. ആ ലക്ഷ്യവുമായാണ് ഇത്തവണയും ജൂലൈ നാലിന്റെ വിജയം ആവര്‍ത്തിക്കാന്‍ ദിലീപെത്തുന്നത്.
കഴിഞ്ഞ വര്‍ഷം ജൂലൈ നാലിന് ചിത്രം റിലീസ് ചെയ്യാനായില്ലെങ്കിലും അത് മൂലമുണ്ടായ കോട്ടം ഈ വര്‍ഷമെങ്കിലും നികത്തുകയാണ് ദിലീപിന്റെ ലക്ഷ്യം. റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത പാണ്ടിപ്പട എന്ന ചിത്രം റിലീസ് ചെയ്യുന്നത് ജൂലൈ നാലിനാണ്.
ജൂലൈ നാല് തിങ്കളാഴ്ചയാണെങ്കിലും റിലീസിംഗ് ആ ദിവസം തന്നെ മതിയെന്ന വാശിയിലാണത്രെ ദിലീപ്. വാരാന്ത്യത്തില്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്ന പതിവനുസരിച്ച് ജൂലൈ ഒന്ന് വെള്ളിയാഴ്ച ചിത്രം പ്രദര്‍ശനത്തിനിറക്കണമെന്ന് ദിലീപിനോട് തിയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടെങ്കിലും ഭാഗ്യദിനമായ തന്റെ ജന്മദിനത്തില്‍ തന്നെ റിലീസിംഗ് മതിയെന്ന കടുംപിടുത്തത്തിലാണ് ദിലീപ്. ഇത്തവണയും തന്റെ ജന്മദിനത്തിന്റെ മാജിക് ആവര്‍ത്തിക്കുമെന്ന കണക്കുകൂട്ടലുമായി ഒരു സൂപ്പര്‍ഹിറ്റ് പ്രതീക്ഷയിലാണ് ദിലീപ്.


Click it and Unblock the Notifications