മോഹന്‍ലാല്‍-രഞ്ജിത്ത് വീണ്ടും
മോഹന്‍ലാല്‍-രഞ്ജിത്ത് വീണ്ടും
ജൂണ്‍ 21, 2003
മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പര്‍ഹിറ്റുകളിലൊന്നായ രാവണപ്രഭുവിന് ശേഷം മോഹന്‍ലാലും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു. രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് സക്കറിയാ പോത്തന്‍ ജീവിച്ചിരിപ്പുണ്ട് എന്നാണ്.
നേരത്തെ മരം പെയ്യുമ്പോള്‍ എന്നൊരു ചിത്രം മോഹന്‍ലാലിനെ നായകനാക്കി ഒരുക്കാന്‍ തീരുമാനിച്ചിരുന്നതാണ്. നന്ദിതാദാസിനെ നായികയായി നിശ്ചയിച്ചിരുന്ന ഈ ചിത്രം ചില കാരണങ്ങളാല്‍ പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
മോഹന്‍ലാല്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാവാത്തതാണ് മരം പെയ്യുമ്പോള്‍ ഉപേക്ഷിക്കാന്‍ കാരണമെന്ന് കേട്ടിരുന്നു. ഏതായാലും മലയാളത്തിന് സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച ഈ കൂട്ടുകെട്ടില്‍ നിന്ന് വീണ്ടുമൊരു ചിത്രം ജനിക്കുകയാണ്. മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റുകളായ നരസിംഹം, ആറാം തമ്പുരാന്‍ എന്നിവയ്ക്ക് തിരക്കഥയൊരുക്കിയ രഞ്ജിത്ത് സംവിധാനത്തിലേക്ക് തിരിയുന്നത് രാവണപ്രഭുവിലൂടെയാണ്.
മിഴി രണ്ടിലും എന്ന ചിത്രത്തിന് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലോ ബഡ്ജറ്റ് ചിത്രമാണ് മിഴി രണ്ടിലും. കാവ്യാ മാധവനാണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications