കുഞ്ചാക്കോ ബോബന്റെ ചിത്രങ്ങള്‍ക്ക് നിയന്ത്രണം
കുഞ്ചാക്കോ ബോബന്റെ ചിത്രങ്ങള്‍ക്ക് നിയന്ത്രണം
ജൂണ്‍ 21, 2004
കൊച്ചി: കെട്ടടങ്ങിയ അമ്മ - ചേമ്പര്‍ വിവാദം വീണ്ടും സജീവമാവുകയാണോ? നിര്‍മ്മാതാക്കളുടെ സംഘടന വീണ്ടും ഒരു നടനെതിരെ നടപടിയുമായി വന്നിരിയ്ക്കുകയാണ്.
ഇത്തവണ കുഞ്ചാക്കൊ ബോബനാണ് ഇര. നിര്‍മാതാവിനോട് വിശ്വാസവഞ്ചന കാട്ടിയെന്നാരോപിച്ച് നടന്‍ കുഞ്ചാക്കോ ബോബന്റെ ചിത്രങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്താനാണ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചിരിയ്ക്കുന്നത്.
ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവ് ബോസ് വര്‍ഗീസിന്റെ പരാതിയെത്തുടര്‍ന്നാണിത്.
അമ്മ ചേമ്പര്‍ തര്‍ക്കം തുടങ്ങിയ കാലത്ത് ബോസ് വര്‍ഗീസിന്റെ ചിത്രത്തിലും പി. റെജി നിര്‍മിക്കുന്ന ജൂണിയര്‍ സീനിയറിലും അഭിനയിക്കാന്‍ കുഞ്ചാക്കോ ബോബന്‍ വാക്കു നല്‍കി മുന്‍കൂര്‍ പണം വാങ്ങിയിരുന്നു. തുടര്‍ന്ന് തര്‍ക്കം മൂത്തപ്പോള്‍ തല്കാലം അഭിനയിയ്ക്കാന്‍ കഴിയില്ലെന്ന് കുഞ്ചാക്കൊ ബോബന്‍ പറഞ്ഞു. എങ്കില്‍ മുന്‍കൂര്‍ പണം തിരികെ നല്‍കണമെന്ന് നിര്‍മ്മാതാവ് ആവശ്യപ്പെട്ടിരുന്നു. കുഞ്ചാക്കൊ ബോബന്‍ പണം നല്‍കിയില്ല. നിര്‍മ്മാതാവ് പണം മടക്കി വേണമെന്ന് കടും പിടിത്തം നടത്തിയുമില്ല. തര്‍ക്കം കഴിയുമ്പോള്‍ തന്റെ ചിത്രത്തില്‍ അഭിനയിയ്ക്കുമെന്ന ധാരണയിലായിരുന്നു അത്.
പ്രശ്നങ്ങള്‍ ഒത്തു തീര്‍ന്നതോടെ കുഞ്ചാക്കോ ബോബന്‍ ഏതു ചിത്രത്തില്‍ ആദ്യം അഭിനയിക്കണം എന്നത് തര്‍ക്കമായി. ഫിലിം ചേംബര്‍ പ്രസിഡന്റ് സിയാദ് കോക്കര്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ റെജിയുടെ ചിത്രം ആദ്യം തുടങ്ങാന്‍ തീരുമാനിച്ചു.
ഇതിനുശേഷം ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കെ കുഞ്ചാക്കോ ബോബന്‍ മറ്റൊരു നിര്‍മാതാവിന് ഡേറ്റ് നല്‍കിയെന്നാണ് ബോസിന്റെ പരാതിയില്‍ പറയുന്നത്.
ഇതേത്തുടര്‍ന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിര്‍വാഹകസമിതി യോഗം ചേര്‍ന്നാണ് കുഞ്ചാക്കോ ബോബന്റെ ചിത്രങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ബോസിന്റെ ചിത്രം പൂര്‍ത്തിയാക്കാതെ കുഞ്ചാക്കോയുടെ മറ്റൊരു ചിത്രത്തിനും അനുമതി നല്‍കേണ്ടതില്ലെന്നാണ് അസോസിയേഷന്റെ തീരുമാനം.
സിനിമകളുടെ വിതരണാവകാശം വില്‍ക്കുന്നതിനും തീയേറ്ററുകളില്‍നിന്നും അഡ്വാന്‍സ് ലഭിക്കുന്നതിനും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ അനുമതി നേടേണ്ടതുണ്ട്.


Click it and Unblock the Notifications