ഉടയോന്റെ റിലീസിംഗ് വൈകും
ഉടയോന്റെ റിലീസിംഗ് വൈകും
ജൂണ്‍ 21, 2005
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഭദ്രന്‍-മോഹന്‍ലാല്‍ ചിത്രം ഉടയോന്റെ റിലീസിംഗ് വൈകും. നേരത്തെ ജൂലൈ ഏഴിന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രം ആഗസ്ത് രണ്ടാം വാരത്തോടെ മാത്രമേ തിയേറ്ററുകളിലെത്താനിടയുള്ളൂ.
ചിത്രീകരണാനന്തര ജോലികള്‍ തുടങ്ങാന്‍ വൈകിക്കുന്നതാണ് റിലീസിംഗ് നീട്ടിവയ്ക്കാനുള്ള കാരണം. നൂറ് ദിവസത്തോളമെടുത്ത് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ഉടയോന്റെ ചിത്രീകരണാനന്തര ജോലികള്‍ ജൂണ്‍ അവസാനത്തിലേ തുടങ്ങുകയുളളൂ. ചിത്രത്തിന്റെ എഡിറ്റിംഗിനായി എഡിറ്റര്‍ ശ്രീകര്‍പ്രസാദിനൊപ്പം ഭദ്രന്‍ ജോലികള്‍ ആരംഭിക്കുന്നത് ജൂണ്‍ അവസാനത്തോടെയാണ്. ആഗസ്ത് രണ്ടാം വാരത്തില്‍ ചിത്രം റിലീസ് ചെയ്താല്‍ മതിയെന്നാണ് ഭദ്രന്റെ തീരുമാനം.
ഉടയോന്റെ റിലീസിംഗ് വൈകിക്കുന്നത് മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെ ചൊടിപ്പിച്ചിട്ടുണ്ട്. ജോഷി സംവിധാനം ചെയ്യുന്ന നരന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൊള്ളാച്ചിയില്‍ തുടങ്ങിക്കഴിഞ്ഞു. ഓണച്ചിത്രമെന്ന നിലയില്‍ നരന്‍ സപ്തംബര്‍ ഏഴിന് തിയേറ്ററുകളിലെത്തിക്കാനാണ് ആന്റണി പെരുമ്പാവൂരിന്റെ പദ്ധതി. എന്നാല്‍ ഉടയോന്‍ ആഗസ്ത് രണ്ടാം വാരത്തില്‍ മാത്രമാണ് റിലീസ് ചെയ്യുന്നതെങ്കില്‍ രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങള്‍ തമ്മിലുള്ള മത്സരം ഒഴിവാക്കാനായി നരന്റെ റിലീസിംഗ് നീട്ടിവയ്ക്കേണ്ടിവരും.


Click it and Unblock the Notifications