ജയറാമല്ല, ലാലാണ് താരം
ജയറാമല്ല, ലാലാണ് താരം
ജൂണ്‍ 22, 2004
നവാഗത സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഉദയനാണ് താരം എന്ന ചിത്രത്തില്‍ ജയറാമിന് പകരം മോഹന്‍ലാല്‍ നായകനാവും.
ശ്രീനിവാസന്‍ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ ജയറാമിനെയാണ് ആദ്യം നായകനായി നിശ്ചയിച്ചിരുന്നത്. പിന്നീട് മോഹന്‍ലാലിനെ നായകനാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
മോഹന്‍ലാലിനെ നായകനായി സങ്കല്പിച്ചാണ് ചിത്രത്തിന്റെ തിരക്കഥ ശ്രീനിവാസന്‍ എഴുതിയത്. എന്നാല്‍ മോഹന്‍ലാല്‍ ചിത്രത്തില്‍ താത്പര്യം കാണിക്കാത്തതിനെ തുടര്‍ന്ന് ജയറാമിനെ നായകനാക്കാന്‍ തീരുമാനിച്ചു. മോഹന്‍ലാലിന് പിന്നീട് കഥയില്‍ താത്പര്യം തോന്നിയതിനെ തുടര്‍ന്നാണ് ജയറാമിന് പകരം ലാലിനെ തന്നെ നായകനാക്കുന്നത്.
മുകേഷും ശ്രീനിവാസനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മീനയാണ് ചിത്രത്തിലെ നായിക. മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുവരുന്ന ഷാജി കൈലാസിന്റെ നാട്ടുരാജാവിലും മീനയാണ് നായിക. നാട്ടുരാജാവ് പൂര്‍ത്തിയാക്കിയതിന് ശേഷം മോഹന്‍ലാല്‍ ഉദയനാണ് താരത്തില്‍ അഭിനയിക്കും. ചിങ്ങം ഒന്നിനാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്.
സിനിമയുടെ പശ്ചാത്തലത്തിലുള്ള ചിത്രത്തിന്റെ കഥ ഒരു പ്രമുഖ സംവിധായകനെയും താരത്തെയും ചുറ്റിപ്പറ്റിയാണ് വികസിക്കുന്നത്. ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, ഗണേഷ്, ബാലചന്ദ്രമേനോന്‍, ഇന്ദ്രന്‍സ് തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
ഛായാഗ്രഹണം എസ്. കുമാര്‍. കൊച്ചി, മദ്രാസ്, ഹൈദരാബാദ് എന്നിവിടങ്ങളിലായി ചിത്രീകരണം നടക്കും. കാള്‍ട്ടണ്‍ ഫിലിംസിന്റെ ബാനറില്‍ പി. കരുണാകരനാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications