പറഞ്ഞുതീരാത്ത വിശേഷങ്ങള്‍
പറഞ്ഞുതീരാത്ത വിശേഷങ്ങള്‍
ജൂണ്‍ 24, 2003
സുരേഷ് ഗോപിയെ നായകനാക്കി ഹരികുമാര്‍ ഒരുക്കുന്ന ചിത്രത്തിന് പറഞ്ഞുതീരാത്ത വിശേഷങ്ങള്‍ എന്ന് പേരിട്ടു. ലക്ഷ്മി ഗോപാലസ്വാമിയാണ് നായിക.
പുലര്‍വെട്ടം എന്ന കുട്ടികള്‍ക്കുള്ള സിനിമയ്ക്ക് ശേഷം ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഇ. വി. ശ്രീധരന്റെ ബലിക്കളം എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. കേരളത്തില്‍ പെരുകിവരുന്ന വിവാഹ മോചന പ്രശ്നമാണ് ഈ ചിത്രത്തിന് പ്രമേയമാവുന്നത്.
ആര്‍ക്കിട്ടക്ടായ രാജീവന്റെ ഭാര്യ വിജയലക്ഷ്മി ബാങ്കുദ്യോഗസ്ഥയാണ്. പ്രണയവിവാഹമായിരുന്നു അവരുടേത്. ഇരുവരുടെയും വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ചായിരുന്നു വിവാഹം. അവര്‍ക്കൊരു കുഞ്ഞുണ്ടായി.
ഉറ്റവരുടെ എതിര്‍പ്പിനെ അവഗണിച്ച് ഒരുമിച്ച അവര്‍ക്കിടയിലും താളപ്പിഴകളുണ്ടായി. അത് അവരെ വിവാഹമോചനത്തിലെത്തിച്ചു. എന്നാല്‍ വിവാഹ മോചനത്തിലെത്തിയ ഇരുവരും തീരാത്ത ആത്മസംഘര്‍ഷമാണ് പിന്നീട് നേരിട്ടത്.
രാജീവനെ സുരേഷ് ഗോപിയും വിജയലക്ഷ്മിയെ ലക്ഷ്മി ഗോപാലസ്വാമിയും അവതരിപ്പിക്കുന്നു. മന്യ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്. ജഗതി ശ്രീകുമാര്‍, ജനാര്‍ദ്ദനന്‍, ഇര്‍ഷാദ്, സുകുമാരി, പി. ശ്രീകുമാര്‍ എന്നിവരും വേഷമിടുന്നു.
തിരക്കഥയും സംഭാഷണവും രചിച്ചിരിയ്ക്കുന്നത് കലൂര്‍ ഡെന്നീസാണ്. യൂസഫലി കേച്ചേരിയുടെയും ഗിരീഷ് പുത്തഞ്ചേരിയുടെയും ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ ഈണം പകരുന്നു. യേശുദാസ്, ചിത്ര, സുജാത എന്നിവര്‍ പാടുന്നു. ഛായാഗ്രഹണം സഞ്ജീവ് ശങ്കര്‍. സെന്റ് ആന്റണീസ് ഫിലിംസിന്റെ ബാനറില്‍ ഷിനിയാണ് ചിത്രം നിര്‍മിയ്ക്കുന്നത്.


Click it and Unblock the Notifications